ലോട്ടറിയടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാൽ, ആ ഭാഗ്യം വളരെ കുറച്ചു പേർക്കേ കിട്ടാറുള്ളൂ. എന്തായാലും, സ്റ്റാഫോർഡ്‌ഷെയറിലെ ടാംവർത്തിൽ നിന്നുള്ള പിസ്സ ഡെലിവറി ഡ്രൈവറായ മാരിയസ് പ്രെഡയ്ക്ക് ആ ഭാഗ്യം ലഭിച്ചു. കഴിഞ്ഞ മാസമാണ് ബെസ്റ്റ് ഓഫ് ദ ബെസ്റ്റിൽ നിന്നും അഞ്ച് കോടി രൂപ മാരിയസിന് സമ്മാനമടിച്ചത്. മാരിയസിന്റെ വാർഷിക വരുമാനത്തിന്റെ 200 മടങ്ങ് വരും ഇത്. വർഷങ്ങളായി ഏകദേശം ഒരു മണിക്കൂറിന് £12 (മണിക്കൂറിന് 1,272 രൂപ) വേതനത്തിൽ പപ്പാ ജോണിന് വേണ്ടി ഇയാൾ പിസ്സ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, അതിനിടയിലാണ് അഞ്ച് കോടി രൂപ മാരിയസിന് ലോട്ടറിയടിച്ചത്. 28 -കാരനായ മാരിയസ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ലോട്ടറിയടിച്ച വാർത്തയറിഞ്ഞ ഉടനെ താൻ ആശ്ചര്യപ്പെട്ടുപോയി എന്നും സന്തോഷത്താൽ മതിമറന്നുപോയി എന്നുമാണ് മാരിയസ് പറയുന്നത്. അതേക്കുറിച്ച് കുറച്ചധികം നേരം താൻ ചിന്തിച്ചു. പിന്നീട് ആ കാശിന് ഒരു വീട് വാങ്ങാനും ഒരു യാത്രയുമാണ് താൻ പ്ലാൻ ചെയ്തത് എന്ന് മാരിയസ് പറയുന്നു. 2019 -ലാണ് നല്ല ജീവിതസാഹചര്യം തേടി മാരിയസ് തന്റെ ജന്മനാടായ റൊമാനിയയിൽ നിന്നും യുകെയിലേക്ക് എത്തുന്നത്. റൊമാനിയയിലേക്കുള്ള ഒരു യാത്രയും താൻ ആലോചിക്കുന്നുണ്ട് എന്നും മാരിയസ് പറയുന്നു. എന്നാൽ, അഞ്ച് കോടി രൂപ ലോട്ടറിയടിച്ചെങ്കിലും തന്റെ പിസ ഡെലിവറി ജോലി വിടാൻ മാരിയസ് ഒരുക്കമല്ല. ലോട്ടറിയടിച്ച വാർത്തയറിഞ്ഞതിന്റെ പിറ്റേ ദിവസവും രാവിലെ മാരിയസ് ജോലിക്ക് കൃത്യമായി എത്തി. വർഷം 26 ലക്ഷം രൂപയോളം മാരിയസിന് ഈ ജോലിയിൽ നിന്നും കിട്ടും. തന്റെ ജോലി തുടരാൻ തന്നെയാണ് മാരിയസിന്റെ തീരുമാനം.