കണ്ണൂർ : തലശേരിയിൽ സി.പി.എം പ്രവർത്തകനായ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ സൂത്രധാരൻ ബി.ജെ.പി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായ ലിജേഷാണെന്ന് പോലീസ്. കേസിൽ ലിജീഷ് ഉൾപ്പടെ നാല്പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ലിജീഷിന് പുറമെ കെ.വി വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവ ദിവസം പുലർച്ചെ ഒരുമണിക്ക് ലിജേഷ് നടത്തിയ വാട്സ്ആപ്പ് കോളാണ് നിർണായക തെളിവായി പോലീസിന് ലഭിച്ചത്. ലിജീഷ് വിളിച്ച കോൾ ആളുമാറി അദ്ദേഹത്തിന്റെ ബന്ധുവിലേക്കാണ് എത്തിയത്. തുടർന്ന് ബന്ധു ലിജീഷിനെ തിരിച്ചു വിളിച്ചിരുന്നു. പിന്നീട് ലിജീഷ് വിളിച്ചത് അറസ്റ്റിലായ സുമേഷിനെയാണ്. ഇയാളാണ് ഹരിദാസൻ ഹാർബറിൽ നിന്ന് വീട്ടിലേക്ക് എത്തിയ കാര്യം ഇവരെ അറിയിക്കുന്നത്.
ഒരാഴ്ചയോളമുള്ള ആസൂത്രണമായിരുന്നു ഇവർ കൊലപാതകത്തിനായി നടത്തിയിരുന്നത്. ലിജേഷ് ആത്മജ് എന്ന ബി.ജെ.പി പ്രവർത്തകൻ ഉൾപ്പെടുന്ന സംഘത്തെ തയ്യാറാക്കി നിർത്തിയിരുന്നു. ഈ സംഘം ഹരിദാസനെയും പ്രതീക്ഷിച്ച് വീടിന് മുന്നിൽ തയ്യാറായി നിന്നു. രണ്ട് ബൈക്കുകളിലായിരുന്നു ഇവർ എത്തിയത്. തുടർന്ന് വീടിന് സമീപത്ത് എത്തിയ ഹരിദാസനെ സംഘം ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത സംഘത്തെയാണ് ഇനി പിടികിട്ടാനുള്ളത്. അതിനുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിക്കക്കഴിഞ്ഞു. സൂത്രധാരനായ ലിജേഷിന്റെ വിവാദ പ്രസംഗമാണ് കേസിൽ നിർണായക തെളിവുകളിലൊന്നായി പോലീസ് പരിഗണിക്കുന്നത്. പ്രതികളിൽ ചിലർക്ക് മാഹിയിൽ സി.പി.എം പ്രവർത്തകനായിരുന്ന കണ്ണിപ്പൊയിൽ ബാബു കൊലക്കേസിലും പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.