തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധ കേസിന് ആറ് മാസമാകുമ്പോഴും കുറ്റപത്രമില്ല. മൊഴിയെടുപ്പിന് അപ്പുറം അന്വേഷണവും നിലച്ചു. ഇ.പി.ജയരാജനെതിരെയെടുത്ത കേസില്‍ ഇ.പിയുടെ മൊഴി പോലും എടുക്കാതെ ഉഴപ്പുകയാണ്. ആദ്യഘട്ടത്തിലെ അതിവേഗ നടപടികള്‍ക്ക് കോടതിയില്‍ നിന്ന് തിരിച്ചടികളേറ്റതോടെയാണ് അന്വേഷണം സര്‍ക്കാര്‍ തന്നെ മന്ദഗതിയിലാക്കിയത്.
ഈ നടന്നത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമായിരുന്നൂവെന്നാണ് പൊലീസ് പറഞ്ഞത്. അങ്ങിനെ ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പരാതിക്കാരനായ സമീപകാലത്തെ ആദ്യ കേസ്. അന്വേഷണത്തിന് വന്‍സംഘം. പക്ഷെ തുടക്കത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ കഴിഞ്ഞതോടെ കേസിനാകെ മരവിപ്പാണ്. ഇന്ന് ആറ് മാസമാകുമ്പോഴും വധശ്രമത്തിലെ ഇരയായ മുഖ്യമന്ത്രിയുടെ മൊഴിപോലും എടുത്തില്ല.
കുറ്റകൃത്യം നടന്ന വിമാനത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല. ഗൂഢാലോചനക്കാരെയെല്ലാം പിടിക്കുമെന്ന് പറഞ്ഞെങ്കിലും കെ.എസ്.ശബരിനാഥനടക്കം നാല് പേര്‍ക്കപ്പുറത്തേക്ക് പ്രതിപ്പട്ടിക നീണ്ടില്ല. യാത്രക്കാരും യൂത്ത് കോണ്‍ഗ്രസുകാരുമടക്കം നാല്‍പതോളം പേരുടെ മൊഴിയെടുത്ത് അന്വേഷണം ഇഴഞ്ഞ് കിടക്കുവാണ്.പ്രതിഷേധിച്ചവരെ മര്‍ദിച്ചെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഇ.പി.ജയരാജനെതിരെയെടുത്ത കേസും സമാന അവസ്ഥയാണ്. പ്രതിയായ വി.ഐ.പിയെ ഒന്ന് ഫോണില്‍ വിളിക്കാന്‍ പോലും ആറുമാസമായി പൊലീസിന് നേരം കിട്ടിയിട്ടില്ല.