ബത്തേരി: വയനാട് ബത്തേരിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. അതിവേഗം സഞ്ചരിക്കുന്ന ആനയ്ക്കൊപ്പം മറ്റൊരു കൊമ്പൻ കൂടിയുള്ളതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പാലക്കാട് ധോണിയിലിറങ്ങിയ കൊമ്പൻ പിടി സെവനെ പിടികൂടാനുള്ള നീക്കവും തുടരുകയാണ്.
വയനാട് ബത്തേരിയിലിറങ്ങിയ പിഎം 2 എന്ന കാട്ടാനയെ പിടിക്കാനുള്ള ശ്രമങ്ങളാണ് ഇന്നും തുടരുന്നത് .കുപ്പാടി വനത്തിനുള്ളിൽ വെച്ച് ആനയെ മയക്കുവെടിവയ്ക്കാനുള്ള ശ്രമം ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിഎം 2 കാട്ടാനയ്ക്ക് സമീപം മറ്റൊരു കൊമ്പൻ നിലയുറപ്പിച്ചതാണ് വനം വകുപ്പിന് വെല്ലുവിളി ആയത്. പിന്തുടർന്നെത്തിയ വനംവകുപ്പിൻ്റെ ആർആർടി സംഘത്തിന് നേരെയും കാട്ടാന ഇന്നലെ പാഞ്ഞടുത്തു. ഇന്നലെ രാവിലെ എട്ട് മണി മുതൽ തുടങ്ങിയ പരിശ്രമം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അവസാനിപ്പിച്ചത്.
പാലക്കാട് ധോണിയിലിറങ്ങിയ കൊമ്പനെ പിടി സെവനെ പിടികൂടാനുള്ള ശ്രമങ്ങളും ഇപ്പോൾ തുടരുകയാണ്. ധോണിയിൽ ക്യാംപ് ചെയ്യുന്ന പ്രത്യേക ദൗത്യസംഘം കാട്ടാനയെ നിരീക്ഷിച്ചു വരികയാണ്. വയനാട്ടിൽ നിന്നെത്തിയ ദൗത്യ സംഘത്തിന് പുറമേ ഒലവക്കോട് ആർആർടിയും നിരീക്ഷണത്തിനായി രംഗത്തുണ്ട്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് മുഴുവൻ സമയവും കാട്ടാനയെ നിരീക്ഷിച്ചു വരികയാണ്. കൊമ്പൻ ഏഴാമൻ ഇറങ്ങുന്ന സ്ഥലം, കാടു കയറുന്ന സ്ഥലം. ഒടുവിലത്തെ പോക്കുവരവ് എന്നിവയാണ് ദൗത്യസംഘങ്ങൾ പിന്തുടരുന്നതും അടയാളപ്പെടുത്തുന്നതും.
പിടി സെവനെ തളയ്ക്കാനെത്തിയ രണ്ട് കുംകിയാനകളെ പ്രദേശത്ത് എത്തിച്ച് സ്ഥലം പരിചയപ്പെടുത്തുന്നത് തുടരുകയാണ്. ധോണി വനമേഖലയിലായിലൂടെ കുംകിയാനകൾ ഇന്നലെ സഞ്ചരിച്ചു. പിടി സെവനെ മെരുക്കിയെടുക്കാനുള്ള കൂടിൻ്റെ നിർമാണം അവസാനഘട്ടത്തിലാണ്. ആറടി ആഴത്തിൽ മണ്ണെടുത്ത്, അതിൽ യൂക്കാലിപ്സ് മരമിട്ട്, മണ്ണിട്ട്, വെള്ളമൊഴിച്ചുറപ്പിച്ചാണ് തൂണുകൾ പാകുന്നത്.
പിന്നാലെ മരങ്ങൾ ഇഴചേർത്ത് കൂടുണ്ടാക്കും.