ന്യൂഡൽഹി : കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോണും മറ്റ് ഉപവിഭാഗങ്ങളും യൂറോപ്പിലേതുപോലെ ഇവിടെയും അപകടം സൃഷ്ടിച്ചേക്കാമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഇന്ത്യ കോവിഡിനെതിരെ ഫലപ്രദമായി പൊരുതിയിട്ടുണ്ടെങ്കിലും ജാഗ്രത പുലർത്തേണ്ട ഘട്ടമാണ് ഇതെന്ന് മോദി ഓർമിപ്പിച്ചു.
‘മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മൾ കോവിഡിനെതിരെ ഫലപ്രദമായി പൊരുതിയിട്ടുണ്ട്. എങ്കിലും ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്. നമ്മൾ ജാഗ്രത പുലർത്തിയേ തീരൂ. കോവിഡ് സൃഷ്ടിച്ച വെല്ലുവിളി അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാണ്’ – മോദി വ്യക്തമാക്കി.‘ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ഗ്രാമങ്ങളിലും എത്തിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാനാകും. രാജ്യത്ത് 96 ശതമാനം പേരും വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു’ – മോദി ചൂണ്ടിക്കാട്ടി.‘ദീർഘകാലത്തെ ഇടവേളയ്ക്കുശേഷമാണ് സ്കൂളുകൾ തുറന്നത്. ഇപ്പോൾ കോവിഡ് കേസുകളിൽ വരുന്ന വർധനവ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നതാണ്. അപ്പോഴും 6–12 പ്രായപരിധിയിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ പോകുന്നത് നല്ല കാര്യമാണ്’ –മോദി പറഞ്ഞു.