തിരുവനന്തപുരം : ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നതിനെക്കാൾ നല്ലത് മുഖ്യമന്ത്രി പിണറായി വിജയൻ ലോകായുക്ത പിരിച്ചുവിടുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും മോദി എന്താണോ ചെയ്തത് അതാണ് പിണറായിയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തക്ക് സ്വയം അഴിമതി കേസുകൾക്ക് വിധി കല്പിക്കാനുള്ള അധികാരം എടുത്ത് കളയുകയാണ്. ലോകായുക്തക്ക് ശുപാർശ ചെയ്യാനുള്ള അധികാരം മാത്രമേ ഉള്ളൂ. അങ്ങനെ ശുപാർശ ചെയ്താൽ മൂന്ന് മാസത്തിനകം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട അധികാരികളോ വീണ്ടും ഹിയർ ചെയ്ത് തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയാണ്. ഇതിലൂടെ ലോകായുക്തക്ക് ഇനിമുതൽ അഴിമതി ആരോപണങ്ങളിൽ തീരുമാനം എടുക്കാൻ സാധിക്കാത്ത അവസ്ഥ വന്നു ചേരുകയാണ്. ഇത് തന്നെയാണ് മോദിയും ചെയ്തത്.
ഇന്ന് കേരളത്തിലോ ഇന്ത്യയിലോ മന്ത്രിമാർക്കോ മുൻ എം പി മാർക്കോ എം എൽ എമാർക്കോ എതിരായ ഒരു ആരോപണവും അന്വേഷിക്കാൻ കഴിയില്ല. കാരണം സർക്കാരിന്റെയോ അപ്പോയിന്റിംഗ് അതോറിറ്റിയുടേയോ മുൻകൂട്ടിയുള്ള അനുമതി വേണമെന്നുള്ളതാണ് പാർലമെന്റിൽ മോദി കൊണ്ടുവന്ന നിയമത്തിന്റെ സാരാംശം. അതുകൊണ്ട് തന്നെ ഒരു പൊതുപ്രവർത്തകനെതിരേയും അഴിമതി ആരോപണം കൊണ്ടുവരാൻ സാധിക്കില്ല. മോദി ചെയ്ത അതേ കാര്യമാണ് പിണറായി വിജയനും ചെയ്യുന്നത്. അഴിമതി ആരോപണങ്ങൾ ഉണ്ടായാൽ ലോകായുക്ത നടപടിയെടുക്കരുത് എന്ന നിർബന്ധ ബുദ്ധിയോടെയാണ് കേരളത്തിലെ മുഖ്യമന്ത്രി ഈ ഓർഡിനൻസ് കൊണ്ടു വരാൻ ശ്രമിക്കുന്നത്. ഇതിൽ ഗവർണർ ഒപ്പ് ഇടരുതെന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിലവിലെ സർക്കാരിനെതിരായി രണ്ട് പരാതികൾ ലോകായുക്തയുടെ പരിഗണനയിലാണ്. ഒന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനർഹരായവർക്ക് സഹായം നൽകിയതുമായി ബന്ധപ്പെട്ടതും മറ്റൊന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിയമവിരുദ്ധമായി ഇടപെട്ടതുമായി ബന്ധപ്പെട്ട് ഞാൻ നൽകിയ പരാതിയുമാണ്. ആദ്യത്തേതിൽ മുഖ്യമന്ത്രിക്കെതിരെയും രണ്ടാമത്തെ പരാതിയിൽ മന്ത്രിക്കെതിരെയും ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടത് അടിസ്ഥാനത്തിലാണ് ഇപ്പോൾ ധൃതിപിടിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമാകുന്നത്.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കൊടുത്ത രണ്ട് കത്തുകൾ നിയമ വിരുദ്ധവും സ്വജനപക്ഷാപാതവുമാണെന്നും അദ്ദേഹം ആരോപിച്ചു. കേസ് അന്തിമമായി വിധി പറയുമ്പോൾ വിധി അവർക്കെതിരായി വരുമെന്ന് അവർ ആശങ്കപ്പെടുന്നു. കെ ടി ജലീലിനെതിരായി ലോകായുക്ത വിധി പുറപ്പെടുവിച്ചു. തുടർന്ന് ജലീൽ സുപ്രീംകോടതി വരെ പോയി. എന്നിട്ടും ലോകായുക്ത വിധി നിലനിൽക്കുന്ന സാഹചര്യമാണ് ഉണ്ടായത്. മന്ത്രി ബിന്ദുവിന് എതിരായും ഈ ഉത്തരവ് ഉണ്ടാകുമെന്ന് കരുതിയാണ് ധൃതി പിടിച്ച് ലോകായുക്തയുടെ അധികാരം കവർന്നെടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
താൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ആവശ്യപ്പെട്ടത് കർണാടക മോഡലിൽ ലോകായുക്ത നിയമം ഭേദഗതി ചെയ്യണമെന്നാണ്. കർണാടകത്തിലാണ് ലോകായുക്തക്ക് ഏറ്റവും കൂടുതൽ അധികാരമുള്ളത്. അന്ന് സി.പി.എമ്മും ഇത് ആവശ്യപ്പെട്ടിരുന്നു.
ലോകായുക്തയെ തീരുമാനിക്കുന്ന സമിതിയിൽ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷനേതാവും അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന ഓർഡിനൻസ് തയ്യാറാക്കുന്നതിനുമുൻപ് സ്പീക്കറുടെയും പ്രതിപക്ഷനേതാവിന്റെയും അഭിപ്രായങ്ങൾ കേൾക്കുവാൻ സർക്കാരിന് ബാധ്യതയുണ്ട്. ഈ വിഷയത്തിൽ അതുണ്ടായില്ല എന്നുള്ളത് സർക്കാറിന്റെ ജനാധിപത്യ വിരുദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.