ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിൽ പി.എം മിത്ര മെഗാ ടെക്സ്റ്റയിൽ പാർക്കുകൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ടെക്സ്റ്റയിൽ പാർക്കുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നത്.പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ ടെക്‌സ്‌റ്റൈൽ മേഖലയ്ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുമെന്നും കോടികളുടെ നിക്ഷേപം ആകർഷിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് എന്നിവയുടെ മികച്ച ഉദാഹരണമായിരിക്കും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവിന് കീഴിൽ ടെക്സ്റ്റൈൽ വ്യവസായത്തിൽ ഇതുവരെ 1,536 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി ടെക്സ്റ്റൈൽ മന്ത്രാലയം അറിയിച്ചു.
ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി നിക്ഷേപം ആകർഷിക്കാനും കയറ്റുമതി വർധിപ്പിക്കാനും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയെ സമന്വയിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാനും വിവിധ മേഖലകളിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) പദ്ധതികൾ സർക്കാർ തുടങ്ങി.