ന്യൂഡൽഹി: ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഡിജിറ്റൽ പേയ്മെന്റ് രീതിക്ക് മുതൽക്കൂട്ടാകുമെന്നും കള്ളപ്പണം തടയുമെന്നും നികുതി വെട്ടിപ്പ് കുറക്കാമെന്നും പറഞ്ഞ് ഇതെന്ന് പറഞ്ഞ് ബി.ജെ.പി മന്ത്രിമാർ ഒന്നടങ്കം തീരുമാനത്തെ പിന്തുണച്ചു. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി 2000 രൂപ നോട്ടിനെ ഒരിക്കലും പ്രോൽസാഹിപ്പിച്ചിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്ര.
2016ലെ നോട്ട് നിരോധനക്കാലത്ത് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു നൃപേന്ദ്ര. 2016ൽ നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം വലിയ നോട്ടുകൾ വേണ്ടെന്ന നിലപാടിലായിരുന്നു മോദിയെന്ന് നൃപേന്ദ്ര പറഞ്ഞു. ദൈനംദിന ഇടപാടുകൾക്ക് 2,000 പറ്റില്ലെന്നാണ് മോദി പറഞ്ഞത്. നികുതിവെട്ടിപ്പിനും കള്ളപ്പണ വ്യാപനത്തിനും ഇത് ഇടയാക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. എന്നാൽ, ഹൃസ്വകാല പരിഹാരമെന്ന നിലയ്ക്ക് 2,000 നോട്ട് അടിച്ചിറക്കുകയായിരുന്നുവെന്നും നൃപേന്ദ്ര മിശ്ര കൂട്ടിച്ചേർത്തു.
മെയ് 19നാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചത്. മേയ് 23 മുതൽ 2,000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്.
നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്.