കോഴിക്കോട്: പ്ലസ് വൺ ബാച്ചുകൾ അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ധാർഷ്ട്യവും ധിക്കാരവും ഭരണാധികാരികൾക്ക് യോജിച്ചതല്ല. വിദ്യാഭ്യാസം എന്ന മൗലികാവകാശത്തെയാണ് മന്ത്രി ചോദ്യം ചെയ്യുന്നത്. വിദ്യാർഥികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുമ്പോൾ അതിന് നേരെ കൊഞ്ഞനംകുത്തുന്നത് ജനാധിപത്യ രീതിയല്ല. ആവശ്യമായ ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
സർക്കാറിന് മുന്നിലുള്ള രേഖകളും ഇതുസംബന്ധിച്ച് സർക്കാർതന്നെ നിയോഗിച്ച കമീഷൻ റിപ്പോർട്ടുകളും കണ്ടില്ലെന്ന് നടിക്കുകയാണ്. മന്ത്രിയുടെ ധിക്കാരത്തെ ജനാധിപത്യപരമായി പ്രതിരോധിക്കുമെന്ന് പി.എം.എ. സലാം കൂട്ടിച്ചേർത്തു.