ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം പഞ്ചാബിലെ റോഡില്‍ കുടുങ്ങിയ സംഭവത്തിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷണമാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വീഴ്ച അന്വേഷിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നിയോഗിച്ച സമിതികളുടെ നടപടികള്‍ തിങ്കളാഴ്ചവരെ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തേടി ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പഞ്ചാബ് ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.




















