കോഴിക്കോട്∙ കോർപറേഷനിലെ ബാങ്ക് അക്കൗണ്ട് തട്ടിപ്പിൽ പഞ്ചാബ് നാഷനൽ ബാങ്ക് മുൻ സീനിയർ മാനേജർ എം.പി.റിജിലിനെ അറസ്റ്റ് ചെയ്തു. റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. അതേസമയം, തട്ടിയെടുത്ത 10.7 കോടി രൂപ പിഎൻബി കോഴിക്കോട് കോർപറേഷന് കൈമാറി. ഇന്നുചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനപ്രകാരമാണ് നടപടി.
7 അക്കൗണ്ടുകളിൽ നിന്നായി 15.24 കോടി രൂപ നഷ്ടമായെന്നാണ് കഴിഞ്ഞ ദിവസം മേയർ പറഞ്ഞത്. എന്നാൽ 12 കോടിയോളം രൂപയാണു നഷ്ടമായത് എന്നാണ് ബാങ്കിന്റെ ഇതുവരെയുള്ള ഓഡിറ്റിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലും 12 കോടിയോളം രൂപ നഷ്ടമായതായാണു കണ്ടെത്തൽ. വിവിധ അക്കൗണ്ടുകളിലെ പണം റിജിൽ ഇതേ ബാങ്കിൽ തന്റെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ആക്സിസ് ബാങ്കിൽ തന്റെ പേരിലുള്ള ട്രേഡിങ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് കണ്ടെത്തൽ.