തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖത്തിനെതിരെ ആയിരങ്ങളെ അണിനിരത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച്. മത്സ്യബന്ധന തുറമുഖത്ത് നിന്ന് പദ്ധതി പ്രദേശത്തേക്കായിരുന്നു മാർച്ച്. പദ്ധതി പ്രദേശത്തേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുറമുഖത്തെ അനുകൂലിച്ച് ബൈക്ക് റാലി നടത്തിയവരേയും പൊലീസ് തടഞ്ഞു.
മൂലമ്പള്ളിയിൽ നിന്ന് ബുധനാഴ്ച തുടങ്ങിയ ജനബോധനയാത്ര അഞ്ചു തെങ്ങിലൂടെ കടന്ന് വിഴിഞ്ഞം മൽസ്യബന്ധന തുറമുഖത്ത് സമാഗമിച്ചു. അവിടെ നിന്ന് വൈദികരും വിശ്വാസികളും മൽസ്യത്തൊഴിലാളികളും അണിനിരന്ന് പദ്ധതി പ്രദേശത്തേക്ക് മാർച്ച് നടന്നു. സമര പന്തലിന് അടുത്തെത്തിയപ്പോൾ പദ്ധതി പ്രദേശത്തേക്ക് കടക്കാൻ സമരക്കാര് ശ്രമം നടത്തി. ബാരിക്കേഡ് ഉപയോഗിച്ച് സമരക്കാരെ തടഞ്ഞ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.
സമരപന്തലിൽ അഡ്വ . പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിനിന് ഇടയിലും സംഘർഷമുണ്ടായി. പദ്ധതിയെ അനുകൂലിക്കുന്ന നാട്ടുകാരുടെ കൂട്ടായ്മയും സ്ഥലത്ത് എത്തിയെങ്കിലും സമരപ്പന്തലിന് എതിർ വശത്ത് പൊലീസ് തടഞ്ഞു. സംഘർഷം ഒഴിവാക്കാൻ ഇരുവർക്കുമിടയിൽ പൊലീസ് മതിൽ തീർത്തു. നാളെ മുതൽ അടുത്ത മാസം മൂന്നു വരെ 24 മണിക്കൂർ ഉപവാസം നടത്തി സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം. സംസ്ഥാന വ്യാപകമായി ഐക്യദാർഡ്യ സമ്മേളനങ്ങളും നടത്തും.
അതേസമയം സമരത്തിനെതിരെ കേന്ദ്രസേനയെ നിയോഗിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം. പുനരധിവാസത്തിന്റെ ഭാഗമായി മുട്ടത്തറയിൽ നിർമിക്കുന്ന ഫ്ലാറ്റുകൾ സ്വീകാര്യമല്ലെന്നും പകരം മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം പതിച്ചു നൽകണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്നും ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിച്ചു. ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ കൃത്യമായ മറുപടിതന്നിട്ടില്ലെന്നും ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണണെന്നും സർക്കുലറിലുണ്ട്. വിഴിഞ്ഞം സമരത്തിൽ തുടർച്ചയായ നാലാം ഞായറാഴ്ചയാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലർ പള്ളികളിൽ വായിക്കുന്നത്.