കണ്ണൂർ: പോലീസുകാരന്റെ മർദ്ദനമേറ്റ യാത്രക്കാരൻ മദ്യപിച്ചിരുന്നുവെന്ന് മാവേലി എക്സ്പ്രസിലെ യാത്രക്കാരി. മാഹിയിൽ നിന്നാണ് ഇയാൾ ട്രെയനിൽ കയറിയതെന്നാണ് യാത്രക്കാരി പറയുന്നത്. കാൽ കാണാവുന്ന നിലയിൽ ഇയാൾ മുണ്ട് മാറ്റിയിരുന്നുവെന്നും ചോദിചപ്പോൾ ആധാർ കാർഡിന്റെ പകർപ്പ് നീട്ടുകയാണ് ചെയ്തതെന്നും യാത്രക്കാരി പറയുന്നു. എന്നാൽ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി. നല്ല മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് യാത്രക്കാരി പറയുന്നത്. ഈ സമയത്ത് അതുവഴി പോയ പോലീസുകാരൻ ഇയാളോട് ടിക്കറ്റ് എവിടെയാണെന്ന് ആവർത്തിച്ച് ചോദിച്ചപ്പോഴും ഇയാൾ മറുപടി നൽകിയില്ല.
ഒടുവിൽ ടിക്കറ്റില്ലെന്ന് പറഞ്ഞു. അത് കഴിഞ്ഞ് പോലീസുകാരൻ ഇയാളോട് എഴുന്നേറ്റ് മാറാൻ പറഞ്ഞു. തന്‍റെ മുന്നിൽ വച്ച് ഇയാളെ മർദ്ദിച്ചിട്ടില്ലെന്നാണ് യാത്രക്കാരി പറയുന്നത്. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ എസ്ഐഐ പ്രമോദ് ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പോലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ കൈയ്യേറ്റം ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്.