അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽകേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. തെറ്റായ വിവരങ്ങളാണ് അപേക്ഷകൻ നൽകുന്നതെങ്കിൽ സർട്ടിഫിക്കറ്റ് നിരസിക്കും.
കഴിഞ്ഞവർഷം ഓഗസ്റ്റിലെ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽനിന്ന് പോലീസ് പിൻവാങ്ങിയത്. ചിലരാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വഭാവം മികച്ചതാണെന്ന സർട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്.
ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കുവൈത്തിൽ ജോലിക്ക് ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും റീജണൽ പാസ്പോർട്ട് ഓഫീസിൽനിന്ന് ഇതുനൽകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്.ഇതിന്റെയടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി ഇക്കാര്യങ്ങൾ വ്യക്തമാക്കി കഴിഞ്ഞദിവസം സർക്കുലർ പുറത്തിറക്കി.