മൂന്നാർ: തീവ്രവാദസംഘടനകള്‍ക്ക് രഹസ്യം ചോര്‍ത്തി നല്‍കിയെന്ന പൊലീസുകാർക്കെതിരായ ആരോപണത്തെക്കുറിച്ച് ഡിവൈ.എസ്.പി അന്വേഷണം ആരംഭിച്ചു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി കെ.ആർ. മനോജാണ് അന്വേഷണം നടത്തുന്നത്.
മൂന്നാർ സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെയാണ് അന്വേഷണം. മറ്റൊരു സ്റ്റേഷനിലെ പൊലീസുകാരനെതിരെ ഉയർന്ന സമാന ആരോപണം ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ചുവരുകയാണ്.ഇതിനിടെ പുതിയ ആരോപണം ഉയർന്നതിന്റെ ഗൗരവം കണക്കിലെടുത്താണ് ഡിവൈ.എസ്.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
അതീവ രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ അത് കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കമ്പ്യൂട്ടറില്‍നിന്ന് ചോർത്തി നൽകിയെന്നും ഇതിന് മറ്റു ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നുമാണ് ആരോപണം.എന്നാൽ, കാര്യങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്നും ആരോപണത്തിന്റെ നിജസ്ഥിതിയാണ് ആദ്യം പരിശോധിക്കുന്നതെന്നും ഡിവൈ.എസ്.പി കെ.ആർ. മനോജ് പറഞ്ഞു.
ഏതുവിധത്തിലുള്ള രേഖകളാണ് ചോര്‍ന്നതെന്നും എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയാണ് ചോർത്തിയത് എന്നുമുള്ള കാര്യങ്ങള്‍ അന്വേഷണത്തിനു ശേഷമേ കണ്ടെത്താനാകൂ. അന്വേഷണഭാഗമായി പൊലീസുകാരുടെ ഫോൺ പിടിച്ചെടുത്തിട്ടില്ലെന്നും ഡിവൈ.എസ്.പി വ്യക്തമാക്കി.