മരട്: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ തെരുവിലിട്ട് പേപ്പട്ടിയെപ്പോലെ തല്ലികൊല്ലാന്‍ ആണുങ്ങളുണ്ടെന്ന കെ.പി അനില്‍കുമാറിന്‍റെ ഭീഷണി പ്രസംഗം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. ബാബു. കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവും ഇതുവരെ നടത്താത്തതാണ് ഇത്തരത്തിലൊരു പ്രസംഗം. പ്രസ്താവനയെ കുറിച്ച് സി.പി.എം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഒഡെപെക് ചെയര്‍മാന്‍ കൂടിയായ കെ.പി. അനില്‍കുമാറിന്‍റെ നിലപാട് സി.പി.എം നിലപാടാണോയെന്ന് വ്യക്തമാക്കണമെന്നും കെ. ബാബു ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഓണറേറിയവും കൈപ്പറ്റി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയ അനില്‍കുമാറിനെ ഒഡെപെക് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഉടനെ നീക്കം ചെയ്യണം. സമനില തെറ്റിയ ഒരാളുടെ ജല്‍പനമായി മാത്രം ഇതിനെ നോക്കിക്കാണാനാകില്ല. ലഹളക്കാഹ്വാനം നല്‍കുന്ന അനില്‍കുമാറിന്‍റെ പ്രസ്താവനക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും കെ. ബാബു പറഞ്ഞു.
വിവാദ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കെ. ബാബു വ്യക്തമാക്കി.




















