പാലക്കാട്: സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്ന യുവതിയെ കൂട്ടുപിടിച്ച് വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്. പാലക്കാട്ടെ ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരെ നേരത്തെ പിടിയിലായ ‘ഫിനിക്‌സ് കപ്പിളി’ന്‍റെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. പാലക്കാട് ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ആണ് സംഘം ഹണിട്രാപ്പില്‍പ്പെടുത്തിയത്.
തൃശ്ശൂര്‍ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്(20) റോഷിത്(20) എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. വൈറല്‍ ദമ്പതിമാര്‍ അടക്കം ആറുപേരെയാണ് നേരത്തെ പൊലീസ് പിടികൂടിയത്. കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് ചൊവ്വാഴ്ച പിടിയിലായത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
തേൻകെണിയൊരുക്കാൻ ദമ്പതിമാരെയും സംഘത്തേയും സഹായിച്ചവരെ തേടിയാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം വ്യാപിച്ചിട്ടുള്ളത്. പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ദേവു-ഗോകുൽ ദമ്പതികൾക്ക് അരലക്ഷത്തിലേറെ ഇൻസ്റ്റഗ്രാം ഫോളേവേഴ്സ് ഉണ്ട്. അറസ്റ്റിന് പിന്നാലെ റീൽസിന് താഴെ അധിക്ഷേപ കമന്റുകളുടെ പെരുമഴയാണ്. ഇതില്‍ ഇവരെക്കുറിച്ചുള്ള ആരോപണങ്ങളുണ്ട്. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പരാതികള്‍ എത്തുമോയെന്നും പൊലീസ് നോക്കുന്നുണ്ട്.
ആര്‍ഭാട ജീവിതത്തിന് പണം കണ്ടെത്താനായി ഹണി ട്രാപ്പൊരുക്കിയ വൈറല്‍ ദമ്പതിമാരുടെ ജീവി രീതികളെല്ലാം നിരീക്ഷിച്ച് വരികയാണ് പൊലീസ്. ആർഭാട ജീവിതം തുടരാൻ പണക്കാരെ ഉന്നംവച്ച് ഹണിട്രാപ്പ് ഒരുക്കി എന്നാണ് പൊലീസ് കണ്ടെത്തൽ. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വീഴ്ത്താൻ രണ്ടാഴ്ച മാത്രമാണ് എടുത്തതെന്ന് പൊലീസ് പറയുന്നു. ഹണിട്രാപ്പിൽ പെട്ടാൽ പലരും പരാതിപ്പെടില്ല എന്നതായിരുന്നു പ്രതികളുടെ ആത്മവിശ്വാസം. ഇവര്‍ കുടുക്കിയ എല്ലാവരുടേയും പ്രായം 25ൽ താഴെയാണ്. ഇരയുടെ വിശ്വാസം ആർജിക്കുന്നത് വരെ സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രമാണ് പ്രതികൾ ബന്ധപ്പെടുക. വിശ്വാസം ഉറപ്പിക്കാൻ ഏതറ്റംവരേയും പോകും എന്നതായിരുന്നു ഇവരുടെ രീതി.
പെൺകുട്ടിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. അതിനാണ് യാക്കരയിൽ മൂപ്പതിനായിരം രൂപ മാസ വാടകയിൽ 11 മാസത്തേക്ക് വീട് പോലും വാടകയ്ക്ക് എടുത്തത്. വ്യവസായിയെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലേക്ക് മാറ്റി കൂടുതൽ പണം തട്ടാനുളള യാത്രയ്ക്കിടെയാണ് പരാതിക്കാരൻ രക്ഷപ്പെട്ടത്. ഇക്കാരണത്താൽ തന്നെ സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. സമാന കെണിയിൽ മറ്റാരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മുഖ്യസൂത്രധാരൻ പാലാ സ്വദേശി ശരത്തിനെതിരെ മോഷണം ഭവനഭേദനം അടക്കം പന്ത്രണ്ടോളം കേസുണ്ട്.