തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാൻ ജീവനക്കാർക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി. കെ എസ് ആർ ടി സിയിലെ വനിതാ ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കുമായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചത്. കേരള പൊലീസിൻ്റെ സഹകരണത്തോടെയാണ് കെ എസ് ആർ ടി സി ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തുന്നത്.
കെ എസ് ആർ ടി സി സ്വിഫ്റ്റിൽ ഡ്രൈവർമാരായും, കണ്ടക്ടർമാരായും കൂടുതൽ വനിതാ ജീവനക്കാർ എത്തുന്നതോടെ അതിരാവിലെ ഡ്യൂട്ടി വരുകയും, രാത്രി വൈകി തിരികെ പോകുകയും ചെയ്യുന്നത് കൂടാതെ രാത്രി സമയങ്ങളിൽ ഉൾപ്പെടെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ സാമൂഹ്യ വിരുദ്ധരിൽ നിന്നുള്ള ആക്രമണങ്ങൾ ഉണ്ടായാൽ നേരിടുന്നതിനും, സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പരിശീലന പരിപാടി തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരത്താണ് പരിശീലന പരിപാടി നടക്കുന്നത്.
ആദ്യഘട്ടത്തിൽ കെ എസ് ആർ ടി സിയിലേയും, കെ എസ് ആർ ടി സി – സ്വിഫ്റ്റിലേതുമായ 20 വനിതാ ജീവനക്കാർ പങ്കെടുത്തു. ഘട്ടം ഘട്ടമായി കെ എസ് ആർ ടി സിയിലെയും, കെ എസ് ആർ ടി സി സ്വിഫ്റ്റിലേയും മുഴുവൻ വനിതാ ജീവനക്കാർക്കും മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഇത്തരത്തിലുള്ള പരിശീലനം നൽകും.