അടൂർ : നേതാക്കൾ വ്യക്തി കേന്ദ്രീകൃതമായ നിലയിൽ പ്രവർത്തിക്കാൻ പാടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലയിൽ ചില ഏരിയ കമ്മിറ്റികളിൽ വിഭാഗീയത ഉണ്ടെന്ന സി.പി.എം. ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടിലെ പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേതാവിന് താത്പര്യമുള്ളവരുടെ സംഘം രൂപവത്കരിക്കാൻ പാടില്ല. അത്തരം പ്രവണതകൾ തിരുത്തണം. സമ്മേളനത്തിൽ ഉയർന്ന ആരോപണങ്ങൾക്ക് എല്ലാം കൃത്യമായ മറുപടി നല്കാനും കോടിയേരി സമയം കണ്ടെത്തി. ദേവസ്വം ബോർഡിൽ പാർട്ടി നേതാക്കളെ ഭാരവാഹികൾ ആക്കുന്നത് അത് പ്രധാന പദവി ആയതിനാലാണ്. അതിനെ മറ്റു രീതിയിൽ ചിത്രീകരിക്കേണ്ടതില്ല. ആ പദവിയിൽ ഒരാളെ നിയോഗിച്ച് കഴിഞ്ഞാൽ ചുമതല കൃത്യമായി നിറവേറ്റുക എന്നതാണ് പ്രധാനം.
ദൈവനാമത്തിൽ വീണാ ജോർജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് എതിരേ താഴെ തട്ടുമുതൽ പാർട്ടിയിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ അതേക്കകുറിച്ചും കോടിയേരി പരാമർശിച്ചു. പലർക്കും അവരവരുടെ വിശ്വാസം ഉണ്ടാകാം. പാർട്ടിയുടെ ചട്ടക്കൂട്ടിലേക്ക് പൂർണമായി എത്തുമ്പോൾ അതിനും മാറ്റം വരാം. കെ-റെയിൽ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിൽ അത് പ്രധാനമാണ്. സ്ഥലം വിട്ടുനൽകുന്നവർക്ക് ന്യായമായ വില നൽകും. പദ്ധതിയെക്കുറിച്ചുള്ള ബോധവത്കരണം നടത്തും.
കഴിഞ്ഞ പിണറായി സർക്കാരിലെ മന്ത്രിമാരെ പോലെ ഈ മന്ത്രിസഭയിലെ മന്ത്രിമാർ മികവ് കാട്ടുന്നില്ല എന്ന ആരോപണം ജില്ലാ സമ്മേളനത്തിൽ ഉയർന്നിരുന്നു. വളരെ കുറഞ്ഞ കാലയളവ് മാത്രമേ പുതിയ മന്ത്രിമാർ അധികാരമേറ്റിട്ട് എന്നത് തിരിച്ചറിയണം എന്ന് കോടിയേരി വ്യക്തമാക്കി. വരും നാളുകളിൽ അവർ മികവ് കാട്ടും എന്നത് ഉറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നിയിൽ ഇടതുമുന്നണി നേടിയത് ഉജ്ജ്വല വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈവശം ഉണ്ടായിരുന്ന സീറ്റ് മാണിവിഭാഗത്തിന് വിട്ടു കൊടുക്കേണ്ടിവന്നെങ്കിലും സി.പി.എം. പ്രവർത്തകർ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും കോടിയേരി പറഞ്ഞു.