കൊയിലാണ്ടി : ക്ഷേത്രപൂജാരിയും ബി.ജെ.പി പ്രവർത്തകനുമായ നിജു എന്ന അർഷിദിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. എസ്ഡിപിഐ പ്രവർത്തകനായ ചെങ്ങോട്ടുകാവ് കവലാട് ഒറ്റത്തെങ്ങിൽ മുഹമ്മദാലി, പ്രതിക്ക് സഹായം നൽകിയ ബാലുശ്ശേരി കൂട്ടാലിട പൂനത്ത് സ്വദേശി ഷംസുദ്ദീൻ എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തത്.
ബുധനാഴ്ച രാത്രി 10 മണിക്കാണ് അർഷിദിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലു പേർ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസ്, വടകര ഡിവൈ.എസ്.പി. അബ്ദുൾ ഷെരീഫ് എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകി. തുടർന്ന് ശനിയാഴ്ച സർവകക്ഷിയോഗം ചേർന്ന് പ്രദേശത്ത് സമാധാനം പാലിക്കാൻ ആഹ്വാനം നൽകിയിരുന്നു.
പോലീസ് ഇൻസ്പെക്ടർ എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്.എസ്. ശ്രീജേഷ്, എം.എൻ. അനൂപ്, ഗ്രേഡ് എസ്.ഐ.മാരായ എൻ. ബാബുരാജ്, പ്രദീപൻ, മണികണ്ഠൻ, ഗിരീഷ്, ഒ.കെ. സുരേഷ്, എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി ഹാർബറിൽ ആണ് മുഹമ്മദാലി ജോലി ചെയ്യുന്നത്.