നന്മണ്ട: ഹരിതഭംഗിയാലും നീരുറവകളാലും അനുഗൃഹീതമായ പൂക്കുന്നുമല മലബാർ ഡെവലപ്മെൻറ് ഫോറം പ്രവർത്തകർ സന്ദർശിച്ചു. ടൂറിസം മേഖലകൾ ജനങ്ങളിലേക്ക് എത്തിക്കാനും അതിനുവേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ തുടങ്ങുന്നത്തിന്റെ ഭാഗമായാണ് സന്ദർശനം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 അടി ഉയരത്തിലാണ് മല. കാക്കൂർ, തലക്കുളത്തൂർ, നന്മണ്ട പഞ്ചായത്തുകളിലായി ഏക്കറോളം വ്യാപിച്ചുകിടക്കുന്നു. ഏറ്റവും ഉയർന്ന പ്രദേശത്തുപോലും ജലസ്രോതസ്സുകളുണ്ടെന്നതാണ് പ്രധാന സവിശേഷത.
ഇവിടെ നിന്ന് ഉത്ഭവിക്കുന്ന നീർച്ചാലുകളാണ് കാക്കൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളിലെ നീർത്തടങ്ങളെ ജലസമ്പുഷ്ടമാക്കുന്നത്. കടുത്ത വേനലിൽ പോലും ഉറവവറ്റാത്ത തണ്ണീർക്കുണ്ട് പൂക്കുന്നുമലയുടെ പ്രത്യേകതയാണ്. തീർഥങ്കര നീരുറവ കാക്കൂർ ഗ്രാമത്തിെൻറ ദാഹമകറ്റുന്നു. അടുത്ത കാലത്തായി മലബാർ നാചുറൽ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സർവേയിൽ 140 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്.
ഇതിൽ 35 ഓളം ദേശാടനപ്പക്ഷികളും ഉൾപ്പെടും. വംശനാശ ഭീഷണി നേരിടുന്ന വലിയ ചുള്ളി പരുന്ത്, ചെറിയ പുള്ളി പരുന്ത്, വെള്ള അരിവാൾ കൊക്ക്, മയക്കുന്നി, കാലൻ കോഴി, കാട്ടുമൈന, മലമുഴക്കി വേഴാമ്പൽ, മയിൽ, കൃഷ്ണപ്പരുന്ത്, ഔഷധ സസ്യങ്ങളായ കണ്ണാന്തളി, ചക്കരക്കൊല്ലി, തെച്ചി, പെരിങ്ങലം എന്നിവയുമുണ്ട്. വെൺമലയിൽ അസ്തമയം ആസ്വദിക്കാൻ ദിനംപ്രതി ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. കാക്കൂർ പതിനൊന്നെ നാല് ജിയോളജിക്കൽ റോഡ് വഴിയും നന്മണ്ട വെള്ളച്ചാൽ റോഡ് വഴിയും ചീക്കിലോട് മാപ്പിള സ്കൂളിനടുത്തെ കൊള്ളടിമല റോഡ് വഴിയും മലമുകളിലെത്താം.