റോം ∙ യുക്രെയ്ൻ യുദ്ധം മുതലെടുക്കുന്ന ചില രാജ്യങ്ങളുടെ ആയുധക്കച്ചവടക്കളികളെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. യുക്രെയ്ൻ–റഷ്യ പ്രശ്നം മാത്രമല്ല ചിലരുടെ ആയുധക്കച്ചവട താൽപര്യങ്ങളും ഈ യുദ്ധത്തിൽ കാണാൻ കഴിയുമെന്നു ഫ്രാൻസിലെ മാഴ്സെയിൽനിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മാർപാപ്പ മറുപടി നൽകി.
താൻ നടത്തിയ സമാധാനശ്രമങ്ങൾ വിജയിക്കാത്തതിൽ മാർപാപ്പ ഖേദം പ്രകടിപ്പിച്ചു. ഇറ്റലിയിൽ നിന്നുള്ള കർദിനാൾ മത്തയോ സുപ്പിയെ കീവ്, മോസ്കോ, വാഷിങ്ടൻ, ബെയ്ജിങ് എന്നിവിടങ്ങളിലേക്ക് സമാധാനചർച്ചയ്ക്ക് അയച്ചെങ്കിലും ദൗത്യം വിജയിച്ചില്ല. യുക്രെയ്നിൽ രക്തം ചൊരിയാതെ എല്ലാവരും ചേർന്നു പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് – മാർപാപ്പ പറഞ്ഞു.
മാർപാപ്പ പക്ഷം പിടിക്കുന്നില്ലെന്നും രാജ്യാന്തര ആയുധവ്യവസായത്തിന്റെ വിപത്ത് ചൂണ്ടിക്കാട്ടുകയാണെന്നും വത്തിക്കാൻ വക്താവ് മത്തയോ ബ്രൂണി വിശദീകരിച്ചു.