കോട്ടയം: അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനുള്ള തൊഴിൽ വകുപ്പിന്‍റെ വെബ് പോർട്ടൽ തയാർ. ഇതിന്‍റെ തുടർച്ചയായി മൊബൈൽ ആപ്പും പുറത്തിറക്കും.അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യാനുകൂല്യങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് ആവിഷ്കരിച്ച ‘ആവാസ്’ പദ്ധതിയുടെ ഭാഗമായാണ് വെബ് പോർട്ടൽ സജ്ജമാക്കിയത്. കരാറുകാർ, തൊഴിലുടമ എന്നിവർക്കൊപ്പം തൊഴിലാളികൾക്കും സ്വന്തംനിലയിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന വിധമാണ് അതിഥി വെബ്പോർട്ടൽ. ഇതിന്‍റെ ഉദ്ഘാടനം ജൂണിൽ നടക്കും. പിന്നാലെ മൊബൈൽ ആപ് പുറത്തിറക്കും.തൊഴിലാളികൾക്കെല്ലാം സ്മാർട്ട് ഫോൺ ഉള്ളതിനാൽ അതിവേഗം വിവരശേഖരണം ലക്ഷ്യമിട്ടാണ് കേരള അതിഥി മൊബൈൽ ആപ്പിന് രൂപംനൽകുന്നത്. ഇതിന്‍റെ നടപടികൾ അന്തിമഘട്ടത്തിലാണ്.
തൊഴിലാളികൾക്കുള്ള വിവിധ അറിയിപ്പുകളും വിവരങ്ങളും വിവിധ ഭാഷകളിൽ വിഡിയോ സന്ദേശങ്ങളായി ഇതിലൂടെ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.നേരത്തേ, ചികിത്സ ആനുകൂല്യങ്ങൾക്കൊപ്പം സംസ്ഥാനത്തുള്ള തൊഴിലാളികളുടെ വിവരശേഖരണം കൂടി ലക്ഷ്യമിട്ടായിരുന്നു തൊഴിൽ വകുപ്പ് ‘ആവാസ്’ പദ്ധതിക്ക് തുടക്കമിട്ടത്. തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയെങ്കിലും പിന്നീട് രജിസ്ട്രേഷൻ സജീവമായി. 5,26,190 തൊഴിലാളികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. ഇവർക്ക് ആവാസ് കാർഡും ലഭ്യമാക്കിയിരുന്നു. എന്നാൽ, കോവിഡ് കാലത്ത് രജിസ്ട്രേഷൻ നേടിയവരിൽ വലിയൊരു വിഭാഗം നാട്ടിലേക്ക് മടങ്ങി. പലരും മടങ്ങിവന്നിട്ടില്ല. പുതുതായി നിരവധിപേർ എത്തുകയും ചെയ്തു. ഇതോടെ കണക്കുകൾ മാറിമറിഞ്ഞു. നിലവിൽ തൊഴിലാളികളെത്രയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് പോർട്ടലും മൊബൈൽ ആപ്പും ഒരുക്കി കൃത്യമായ വിവരശേഖരണത്തിനുള്ള നടപടി ആരംഭിച്ചത്.
മൊബൈൽ ആപ്പുകൂടി പുറത്തിറക്കിയശേഷം നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരടക്കം മുഴുവൻ പേരും ഇത് ഉപയോഗിച്ച് വിവരങ്ങൾ നൽകണമെന്ന് നിർദേശിക്കാനാണ് തീരുമാനം. ആവാസ് കാർഡിന് ബയോമെട്രിക് വിവരങ്ങളും നിർബന്ധമാണ്. നേരത്തേ ക്യാമ്പ് നടത്തി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ഇതിനുപകരം ആപ്പിൽ അറിയിപ്പ് നൽകുന്ന ദിവസം തൊഴിലാളികൾ അതത് ജില്ലകളിലെ ഫെസിലിറ്റേഷൻ സെന്‍ററുകൾ എത്തി ബയോമെട്രിക് വിവരങ്ങൾ നൽകുന്ന തരത്തിലുള്ള സംവിധാനമാണ് ആലോചനയിൽ.നിലവിൽ ഏറ്റവും കൂടുതൽ ആവാസ് കാർഡ് വാങ്ങിയത് എറണാകുളം ജില്ലയിലാണ്. 1,15,892 പേർ. കുറവ് വയനാട്ടിലും. 12,007 പേർ. കാർഡുള്ളവർക്ക് ഗവ. മെഡിക്കൽ കോളജുകളുൾപ്പെടെയുള്ള ആശുപത്രികളിൽ കാൽലക്ഷം രൂപയുടെ സൗജന്യ ചികിത്സയും രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.