കൊച്ചി: കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയിൽ ദില്ലിയിലേക്ക് പോകുന്നതിൽ അഭിമാനമുണ്ടെന്ന് നിയുക്ത എംപി സുരേഷ് ഗോപി. ഒന്നോ രണ്ടോ വകുപ്പിൽ ഒതുങ്ങിപ്പോയാൽ കേരളത്തിന് വേണ്ടി ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ പറ്റാതെയാകും. മന്ത്രി സ്ഥാനം ചങ്ങല പോലെയാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകും.10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതൽ താൽപര്യമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
വോട്ടുകൾ കിട്ടിയത് നടൻ എന്ന രീതിയിലാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടും സുരേഷ് ഗോപി പ്രതികരിച്ചു. മറുപടി എന്റെ കയ്യിൽ ഉണ്ട്, പക്ഷേ പറയുന്നില്ല. മറുപടി പറഞ്ഞാൽ ഞാൻ ലീഡറിന് നൽകിയ ചെളിയേറു ആകും അത്. ലീഡറിന് തന്റെ നെഞ്ചിൽ ഇപ്പോഴും സ്ഥാനമുണ്ട്. ബിജെപി വോട്ടുകൾ മാത്രം അല്ല എല്ലാരും തനിക്കൊപ്പം നിന്നു. ബിജെപി തനിക്കായി അവിടെ മികച്ച പ്രവർത്തനം നടത്തിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.