ബംഗളൂരു: പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നഗരത്തിൽ പോസ്റ്ററുകൾ പതിച്ചതിന് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീറാം, മോഹൻ, നന്ദകുമാർ എന്നിവരാണ് അറസ്റ്റിലായത്.നഗരത്തിൽ പലയിടത്തും നിതീഷ് കുമാറിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഹൈഗ്രൗണ്ട്സ് പൊലീസാണ് കേസെടുത്തത്. ബിഹാർ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന ബാനറുകൾ നഗരത്തിലെ 20 സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുടെ യോഗം നടന്ന റേസ്കോഴ്സിലെ സ്വകാര്യ ഹോട്ടലിലേക്കുള്ള റോഡുകളിലാണ് കൂടുതലും സ്ഥാപിച്ചിരുന്നത്.
പോസ്റ്ററുകൾ ഒട്ടിക്കാൻ സുഹൃത്തുക്കളിൽനിന്ന് ശ്രീറാം പണം സ്വരൂപിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നന്ദകുമാറിന്റെ അച്ചടിശാലയിലാണ് ബാനറുകൾ അച്ചടിച്ചത്. മോഹന്റെ ഉടമസ്ഥതയിലുള്ള മിനി ടെമ്പോയിൽ കൊണ്ടുവന്നാണ് ഫ്ലക്സുകൾ നഗരത്തിൽ സ്ഥാപിച്ചത്.പിടിയിലായ മൂന്നുപേരും ശേഷാദ്രിപുരം സ്വദേശികളാണ്. ‘അസ്ഥിരമായ പ്രധാനമന്ത്രി സ്ഥാനാർഥി’ എന്ന പോസ്റ്ററാണ് അക്രമികൾ ഒട്ടിച്ചത്. ‘ബിഹാറിലെ പാലങ്ങൾക്ക് അദ്ദേഹത്തിന്റെ ഭരണത്തെ താങ്ങാനാവുന്നില്ലെങ്കിലും ‘പ്രതിപക്ഷ ഐക്യ’ കാമ്പയിൻ നയിക്കാൻ അദ്ദേഹത്തിനായി’ എന്നായിരുന്നു മറ്റൊരു പോസ്റ്റർ.