ഹാസൻ> ജെ.ഡി.എസ്. എം.പി.യും ഹാസനിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ പ്രജ്വൽ രേവണ്ണ നടത്തിയ പീഡനങ്ങളെയും ലൈംഗികവീഡിയോകളെയും സംബന്ധിച്ച് ബി.ജെ.പി. നേതാക്കൾക്ക് നേരത്തെ തന്നെ വിവരം ഉണ്ടായിരുന്നതായി റിപ്പോർട്ട്.
പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോകൾ ലീക്കായിരുന്നു. ഇത് വ്യക്തമാക്കി മാസങ്ങള്‍ക്ക് മുന്‍പേ കര്‍ണാടകയിലെ ബി.ജെ.പി. നേതാവ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് കത്ത് നല്‍കിയിരുന്നു.
മൂവായിരത്തോളം വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഹാസനിൽ ജെ.ഡി.എസിന് സീറ്റ് നല്‍കിയാൽ തിരിച്ചടിയാകും എന്നും വ്യക്തമാക്കുന്നതാണ് കത്ത്. 2023 ഡിസംബർ എട്ടാം തീയതി ബി.ജെ.പി. നേതാവായ ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയ്ക്ക് നൽകിയ ഈ കത്തിലെ വിവരങ്ങൾ പുറത്തായതോടെ ബി ജെ പിയെ പ്രതിരോധത്തിലാണ്.തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വീഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി പ്രജ്വല്‍ രേവണ്ണ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിത്. ഈ വീഡിയോകള്‍ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ പ്രജ്വല്‍ രേവണ്ണ നിര്‍ബന്ധിച്ചിരുന്നു എന്നും ദേവരാജ ഗൗഡ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വീഡിയോകൾ പ്രചരിച്ചതോടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ കര്‍ണാടക സര്‍ക്കാർ നിയോഗിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടുജോലിക്കാരിയായ 47-കാരി പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും എതിരേ പീഡനപരാതി നല്‍കിയത്. എം.എല്‍.എ.യായ എച്ച്.ഡി. രേവണ്ണയും എം.പി.യായ മകന്‍ പ്രജ്വല്‍ രേവണ്ണയും ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു വീട്ടുജോലിക്കാരിയുടെ ആരോപണം. തുടര്‍ന്ന് സ്ത്രീയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഏപ്രില്‍ 26-ന് വോട്ടെടുപ്പ് നടക്കും മുന്‍പേ തന്നെ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികവീഡിയോകള്‍ ഹാസനിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വീട്ടുജോലിക്കാരിയായിരുന്ന 47-കാരി പരാതിയുമായി രംഗത്തെത്തിയത്.
വീട്ടില്‍ ആകെ ആറ് വനിതാ ജോലിക്കാരുണ്ടായിരുന്നു. രേവണ്ണ ഇവരെ എല്ലായ്‌പ്പോഴും മുറിയിലേക്ക് വിളിപ്പിക്കും. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്ത് സ്റ്റോര്‍ റൂമിലേക്ക് അടക്കം വനിതാ ജോലിക്കാരെ വിളിപ്പിച്ചിരുന്നു. തന്റെ മകളുമായി അടുപ്പം സ്ഥാപിക്കാന്‍ പ്രജ്വല്‍ ശ്രമിച്ചിരുന്നതായും മകള്‍ ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്നും പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പ്രചരിക്കുന്ന വീഡിയോകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്നാണ് പ്രജ്വലിന്റെ അവകാശവാദം. സംഭവത്തില്‍ പ്രജ്വൽ രേവണ്ണയും പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ മകനാണ് മുന്‍മന്ത്രി എച്ച്.ഡി. രേവണ്ണ, അദ്ദേഹത്തിന്റെ മകനാണ് പ്രജ്വല്‍.
കേസ് മുറുകുന്നതിനിടെ പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടതായി അഭ്യൂഹമുയര്‍ന്നിട്ടുണ്ട്. അദ്ദേഹം വിദേശത്തേക്ക് രക്ഷപ്പെട്ടതായി പോലീസ് സൂചന നല്‍കി. ജര്‍മനിയിലെത്തിയതായാണ് വിവരം.