ചണ്ഡിഗഡ്: അനധികൃത സ്വത്തു സമ്പാദനക്കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് ജയിൽശിക്ഷയും പിഴയും. ചൗട്ടാലയ്ക്ക് നാലു വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് ഡൽഹിയിലെ കോടതി വിധിച്ചത്. ചൗട്ടാല അനധികൃതമായി 6.09 കോടി രൂപ സമ്പാദിച്ചെന്നാണ് സിബിഐ റജിസ്റ്റർ ചെയ്ത കേസ്. ചൗട്ടാല വെളിപ്പെടുത്തിയ സ്വത്തിന്റെ 189.11% ഇരട്ടിയാണിത്. 1993നും 2006നും ഇടയിലുള്ള കാലയളവിലാണ് ചൗട്ടാല അനധികൃതമായി സ്വത്തു സമ്പാദിച്ചതന്നാണ് സിബിഐയുടെ കണ്ടെത്തൽ.
കേസിൽ കുറ്റക്കാരനാണന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ, ആരോഗ്യ പ്രശ്നങ്ങളും പ്രായവും പരിഗണിച്ച് ലഘുവായ ശിക്ഷ നൽകണമെന്ന് ചൗട്ടാല അഭ്യർഥിച്ചിരുന്നു. അതേസമയം, സമൂഹത്തിനുള്ള ശക്തമായ മുന്നറിയിപ്പെന്ന നിലയിൽ ചൗട്ടാലയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു സിബിഐയുടെ നിലപാട്.
അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി 2005ലാണ് സിബിഐ ചൗട്ടാലയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. പിന്നീട് 2010 മാർച്ച് 26ന് കുറ്റപത്രം സമർപ്പിച്ചു. ഇതിനു മുൻപ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയതിന് ചൗട്ടാലയും മകൻ അജയും 10 വർഷം തടവിനു വിധിക്കപ്പെട്ടിരുന്നു. 2013ലായിരുന്നു ഇത്. 2021ലാണ് ജയിൽ മോചിതനായത്.