കണ്ണൂർ: കഴിഞ്ഞ പാര്‍ട്ടി കോൺഗ്രസ് തീരുമാനിച്ച പല കാര്യങ്ങളും നടപ്പിലാക്കാനായില്ലെന്നും സംഘടനാ ദൗർബല്യങ്ങളും കോവിഡ് അടക്കമുള്ള ഘടകങ്ങളും ഇതിനു പിന്നിലുണ്ടെന്നും പൊളിറ്റ് ബ്യൂറോ (പിബി) അംഗം പ്രകാശ് കാരാട്ട്. സിപിഎമ്മിന്റെ അംഗസംഖ്യയിൽ കുറവുണ്ടായി. കോവിഡ് കാരണമാണ് അംഗത്വ പ്രവർത്തനങ്ങളിൽ തടസങ്ങളുണ്ടായതെന്നും പ്രകാശ് കാരാട്ട് വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.
പാർട്ടി സെന്ററിന്റെ പ്രവർത്തനവും മറ്റു പ്രവർത്തനങ്ങളും കോവിഡ് കാരണം തടസപ്പെട്ടു. എങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിലും കർഷക സമരത്തിലും സജീവമാകാൻ കഴിഞ്ഞു. കർഷക സമരത്തിൽ സജീവമായി പങ്കെടുത്തത് ഇടതുപക്ഷത്തിനു വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാനുള്ള സാഹചര്യമൊരുക്കി. ഹിന്ദി മേഖലയിൽ പാർട്ടിയുടെ ജനകീയ അടിത്തറ വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപി തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്കു കടന്നു കയറാൻ ശ്രമിക്കുമ്പോൾ പലർക്കും അതിലെ അപകടം മനസിലാക്കാൻ കഴിയുന്നില്ല. ബിജെപി എന്താണെന്ന് പ്രവർത്തകർക്കും ജനങ്ങൾക്കും അറിയാത്തതാണ് പ്രശ്നം. ഇതിനെ മറികടക്കാൻ പാർട്ടിതലത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് ആലോചന.
ത്രിപുരയിലും ബംഗാളിലും സ്ഥിതി മോശമാണ്. ചിലയിടങ്ങളിൽ തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനാകാത്ത സാഹചര്യമുണ്ട്. പാർട്ടി അംഗത്വത്തിന്റെ ഗുണനിലവാരം ഉയര്‍ത്തും. കൂടുതല്‍ ചെറുപ്പക്കാരെ നേതൃനിരയിലേക്കു കൊണ്ടുവരും. ഹിന്ദുത്വയ്ക്ക് ഹിന്ദുവുമായി ബന്ധമില്ലെന്നും ഹിന്ദുത്വ ഒരു രാഷ്ട്രീയ പദ്ധതിയാണെന്നും ചോദ്യത്തിനു മറുപടിയായി പ്രകാശ് കാരാട്ട് പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റും ഒരു രാഷ്ട്രീയ പദ്ധതിയാണ്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി അനുസരിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. ഇപ്പോൾ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 4 വർഷത്തെ പ്രവർത്തനങ്ങൾ സ്വയംവിമർശനാത്മകമായി പാർട്ടി കോൺഗ്രസ് വിലയിരുത്തി. ഇതിൽ പിബി അംഗങ്ങളുടെ പ്രവർത്തനവും ഉൾപ്പെടും. കേരള സർക്കാരിന്റെ നേട്ടങ്ങളടക്കം മൂന്നു പ്രമേയങ്ങൾ ഇന്ന് പാസാക്കി. രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ ഇന്ന് രാത്രിയോടെ ചർച്ച പൂർത്തിയാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.