ന്യൂഡൽഹി : തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല. പാർട്ടിയിൽ ചേരണമെന്ന നിർദേശം പ്രശാന്ത് കിഷോർ തള്ളിയെന്നു കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. നൽകിയ നിർദേശങ്ങൾക്കു പ്രശാന്തിന് നന്ദി പറയുന്നുവെന്നും രൺദീപ് സിങ് സുർജേവാല പറഞ്ഞു. കിഷോറിന്റെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള നിർണായക യോഗത്തിൽ നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യം ഇല്ലാതായതോടെ പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശം ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനം സോണിയ ഗാന്ധിക്കു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പിൻമാറ്റം.
പ്രിയങ്ക ഗാന്ധിയും അംബികാ സോണിയും കിഷോറിന്റെ വരവിനെ അനുകൂലിച്ചപ്പോൾ, മുതിർന്ന നേതാക്കളായ ദിഗ്‍വിജയ് സിങ്, മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജേവാല, ജയറാം രമേശ് എന്നിവർ എതിർത്തു. എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും പ്രശാന്ത് വരുന്നതിന്റെ നേട്ടവും കോട്ടവും അവതരിപ്പിച്ചു. കോൺഗ്രസിൽ കിഷോറിന് പൂർണ സ്വാതന്ത്ര്യം നൽകി ഇഷ്ടാനുസരണം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നതു ഗുണം ചെയ്യില്ലെന്ന അഭിപ്രായവും സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ഉയർന്നു. പൂർണ സ്വാതന്ത്ര്യം നൽകി ഇഷ്ടാനുസരണം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നത് ഉചിതമാകില്ലെന്ന മുതിർന്ന നേതാക്കളുടെ നിലപാടാണ് പ്രശാന്ത് കിഷോറിന്റെ പിൻമാറ്റത്തിനു കാരണമെന്നാണ് വിലയിരുത്തൽ
കോൺഗ്രസിനു പുതിയ തുടക്കം നൽകാനുള്ള പദ്ധതിയുമായി 2021 മുതൽ ഹൈക്കമാൻഡിനു മുന്നിൽ പ്രശാന്ത് കിഷോറുണ്ട്. അഭിപ്രായ ഐക്യമില്ലാതെ ചർച്ച നീളുന്നതിനിടയിലും പല സംസ്ഥാനങ്ങളിൽ പല പാർട്ടികളുമായി കൈകോർക്കുന്നതാണ് കിഷോറിന്റെ ഏറ്റവും വലിയ പോരായ്മയായി നേതാക്കൾ പറയുന്നത്.എൻസിപി, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ് തുടങ്ങിയവയുടെ ഉപദേശക റോളിലെത്തുക മാത്രമല്ല കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്ന നടപടികളുമുണ്ടായി. 2025 ലെ ബിഹാർ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു സ്വന്തം നിലയിലുള്ള രാഷ്ട്രീയപരിപാടികളും പ്രശാന്ത് മുന്നോട്ടുവച്ചിരുന്നു. പ്രശാന്ത് കിഷോറിന്റെ കൂടി ആശീർവാദമുള്ള ‘ഐ–പാക്ക്’ തെലങ്കാനയിൽ ടിആർഎസുമായി കൈകോർത്തിരിക്കെ, അദ്ദേഹവുമായി ചർച്ച തുടരുന്നതിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം നീരസം അറിയിച്ചിരുന്നു.