ഇന്തോർ: മധ്യപ്രദേശിലെ ഇന്തോറിൽ നടന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിന് സമാപനം. രണ്ട് ദിവസത്തെ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നാലായിരത്തിലധികം വിദേശ ഇന്ത്യക്കാരാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തിൽ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പ്രവാസി വോട്ടവകാശം, വിമാന നിരക്ക് വർധനവ്, കണ്ണൂർ വിമാനത്താവളം തുടങ്ങി നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. ഇന്ത്യൻ തൊഴിലാളികളുടെ ആഗോള സ്വീകാര്യതക്ക് പ്രവാസി സമൂഹത്തിന്‍റെ പങ്ക് എന്ന വിഷയയിൽ നടന്ന സെഷനിലാണ് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടത്.
സെഷനിൽ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രവാസികളുടെ ക്ഷേമം മുൻ നിർത്തി കേരള സർക്കാർ ആരംഭിച്ച നോർക്ക മാതൃകയിൽ മറ്റു സംസ്ഥാനങ്ങളും ആരംഭിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യൂസഫലി സമ്മേളന വേദിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
മധ്യപ്രദേശിൽ ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ്, റീട്ടയിൽ മേഖലകളിൽ നിക്ഷേപിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ യൂസഫലിയെ ക്ഷണിച്ചു. സംസ്ഥാനത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ സർക്കാരുമായി അടുത്തു തന്നെ നടത്തുമെന്നും യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചു.