തിരുവനന്തപുരം: സർക്കാർ പ്രീപ്രൈമറി വിദ്യാലയങ്ങളിലെ ഓണറേറിയം ലഭിക്കാത്ത അധ്യാപകർക്കും ആയമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിലെ പ്രഖ്യാപനം ഒരു വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു ബജറ്റ് ചർച്ചകൾക്കു മറുപടി നൽകുമ്പോഴാണു മന്ത്രി തോമസ് ഐസക് ഈ ആനുകൂല്യം കൂടി ബജറ്റിന്റെ ഭാഗമാക്കിയത്. എന്നാൽ വീണ്ടും അധികാരത്തിലെത്തിയപ്പോൾ സർക്കാർ അതു മറന്നു.
2012ന് മുൻപ് സർക്കാർ പ്രീപ്രൈമറികളിൽ നിയമിതരായ 2861 അധ്യാപകർക്കും 1965 ആയമാർക്കും മാത്രമാണു ഹൈക്കോടതി ഉത്തരവ് അനുസരിച്ച് 2012 ഓഗസ്റ്റ് മുതൽ പരിമിതമായ ഓണറേറിയം നൽകുന്നത്. 2012 ന് ശേഷം നിയമിതരായവർക്കു സ്കൂൾ പിടിഎകൾ നൽകുന്ന തുച്ഛമായ പ്രതിഫലം മാത്രമാണുള്ളത്. ഇത് 1000 മുതൽ 6000 രൂപ വരെ മാത്രമാണ്. ഈ വിഭാഗത്തിൽപ്പെട്ട 2267 അധ്യാപകർക്കും 1907 ആയമാർക്കുമാണ് ഇതിനു പുറമേ 1000 രൂപ കൂടി നൽകുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചത്. എയ്ഡഡ് പ്രീപ്രൈമറികളിൽ ജോലി ചെയ്യുന്നവർക്കു പിടിഎകളോ മാനേജ്മെന്റോ ആണു പ്രതിഫലം നൽകുന്നത്. അതും തുച്ഛമാണ്.
പ്രീപ്രൈമറി നയരൂപീകരണം: കോടതി പറഞ്ഞിട്ടും അകലെ
പ്രീപ്രൈമറി മേഖലയ്ക്കായി നയം രൂപീകരിക്കണമെന്ന 2012ലെ ഹൈക്കോടതി ഉത്തരവു നടപ്പാക്കാതെ വന്നതോടെ 2017ൽ ഈ മേഖലയിലെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് 12 അംഗ കമ്മിഷനെ നിയമിച്ചെങ്കിലും 2020ൽ ആണ് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ മാർച്ചിൽ മേയ് 20ന് അകം നയം രൂപീകരിക്കണമെന്നു ഹൈക്കോടതി വീണ്ടും ഉത്തരവിട്ടെങ്കിലും കോവിഡ് വ്യാപനത്തിനിടെ നടപ്പായില്ല.
പിന്നീടു കോടതി നിലപാടു കടുപ്പിച്ചപ്പോൾ നയരൂപീകരണത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വീണ്ടും ആറംഗ സമിതിയെ വച്ചു. യോഗ്യരായ ജീവനക്കാർക്കു സേവന–വേതന വ്യവസ്ഥ നടപ്പാക്കണമെന്നാണ് ഇവർ ഡിസംബറിൽ ശുപാർശ ചെയ്തത്. 5 വർഷമായ ഹർജിയിൽ കോടതിയുടെ അന്തിമ വിധിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആയിരക്കണക്കിനു ജീവനക്കാർ.