തിരുവനന്തപുരം: മംഗളം സ്പെഷൽ കറസ്പോണ്ടന്റ് സജിത്ത് പരമേശ്വരന് പ്രേംനസീർ മാധ്യമ പുരസ്കാരം. പ്രേംനസീർ സൃഹൃത് സമിതിയും ടി.എം.സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി ഏർപ്പെടുത്തിയ മികച്ച പരമ്പര റിപ്പോർട്ടർക്കുള്ള അവാർഡിനാണ് സജിത്ത് അർഹനായത്. മംഗളം പത്തനംതിട്ട ബ്യൂറോ ചീഫും പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡണ്ടുമാണ് സജിത്ത് പരമേശ്വരന്‍. മംഗളം ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച “പൊട്ടിച്ചെറിയുന്ന താലിച്ചരടുകൾ” എന്ന പരമ്പരയാണ് അവാർഡ് നേടിക്കൊടുത്തത്. അടുത്ത മാസം രണ്ടാംവാരം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.
പത്തനംതിട്ട ആറന്മുള പൂവത്തൂർ വയക്കര വീട്ടിൽ പരേതരായ കെ.ആർ. പരമേശ്വരൻ നായരുടെയും വി.കെ. ഗൗരിക്കുട്ടിയമ്മയുടെയും മകനാണ് സജിത്ത് പരമേശ്വരൻ. സംസ്ഥാന സർക്കാരിന്റെ ജനറൽ റിപ്പോർട്ടിനുള്ള മാധ്യമ അവാർഡ് അടക്കം 21 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പന്തളം എൻ.എസ്.എസ്. ഗേൾസ് ഹൈസ്കൂൾ അധ്യാപിക ചെങ്ങന്നൂർ ആലാ ശ്രീനിലയത്തിൽ ശ്രീലതയാണ് ഭാര്യ. പാലക്കാട് എൻ.എസ്.എസ്. എൻജിനീയറിങ് കോളജ് എം. ടെക് വിദ്യാർഥിനി എസ്. ഗംഗ മകളാണ്.