ദില്ലി: രാജ്യത്തെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നാളെ. ജാർഖണ്ഡ് മുന്‍ ഗവർണറർ ദ്രൗപദി മുർമുവാണ് എന്‍ഡിഎയുടെ സ്ഥാനാർത്ഥി. അറുപത് ശതമാനത്തിലധികം വോട്ടുകൾ ഇതിനോടകം എന്‍ഡിഎ സ്ഥാനാർത്ഥി ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം എതിർ സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. തിങ്കളാഴ്ച പാർലമെന്‍റ് വർഷകാല സമ്മേളനം തുടങ്ങാനിരിക്കെ എന്‍ഡിഎയുടെ പാർലമെന്‍ററി പാർട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‍റെ മോക് ഡ്രില്ലും നടത്തും. പ്രതിപക്ഷ പാർട്ടികളും ഇന്ന് യോഗം ചേരുന്നുണ്ട്.
അതിനിടെ, പശ്ചിമബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകറിനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് ധനകറിൻ്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ജനതാദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധൻകര്‍ സുപ്രീംകോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാട്ട് സമുദായംഗമായ ധൻകറെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുക വഴി ആദിവാസി വിഭാഗത്തിൽ നിന്നൊരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും, ഒബിസി വിഭാഗത്തിൽ നിന്നും ഒരു ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയും എന്ന രാഷ്ട്രീയ നീക്കം കൂടിയാണ് ബിജെപി നടത്തുന്നത്. കര്‍ഷകപുത്രൻ എന്ന വിശേഷണത്തോടെയാണ് ധൻകറിൻ്റെ സ്ഥാനാര്‍ത്ഥിത്വം ജെപി നഡ്ഡ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ഗവര്‍ണറായിട്ടാണ് അദ്ദേഹം ബംഗാളിൽ പ്രവര്‍ത്തിച്ചതെന്നും നഡ്ഡ പറഞ്ഞു.