ദില്ലി: അഗ്നിപഥ് , വാക്കുകൾക്ക് വിലക്ക്, ജി എസ് ടി , ഇഡി അന്വേഷണം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പ്രമേയ നോട്ടീസ് കേരളത്തിൽ നിന്നുള്ള എം പിമാർ. അഗ്നിപഥിൽ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് ബിനോയ് വിശ്വം ആണ്. യുവാക്കളെ പ്രതിസന്ധിയിലാക്കി തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണ് കേന്ദ്രമെന്നാണ് ബിനോയ് വിശ്വം ആരോപിച്ചിരിക്കുന്നത്. സൈന്യത്തിന്‍റെ വീര്യം ചോർത്തുന്ന നടപടി ഒഴിവാക്കണം. ഇക്കാര്യം വിശദ ചർച്ച നടത്തണമെന്നാണ് ബിനോയ് വിശ്വം എം പി ആവശ്യപ്പെട്ടിരിക്കുന്നത്.
ജി എസ് ടി നിരക്ക് വർധനയിൽ ചർച്ച ആവശ്യപ്പെട്ട് കെ.മുരളീധരൻ എം പിയാണ് പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.പാൽ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾക്കും വില കൂടി. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനം നിലവിൽ വന്നതോടെയാണിത്. (പ്രീ പാക്ക്ഡ്) പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി കൂടിയ. കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്‍ടി കൗൺസിൽ യോഗമെടുത്ത തീരുമാനമാണ് പ്രാബല്യത്തിലായത്. ഈ വില വർധന ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുമെന്ന് കാണിച്ചാണ് ചർച്ച ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഉന്നയിച്ച് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയും അടിയന്തിര പ്രമേയ നോട്ടീസ് നൽകി.
ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്ന വിഷയത്തിൽ ബെന്നി ബെഹന്നാൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അന്വേഷണ ഏജൻസികളെ രാഷ്ട്രീയപക പോക്കലിനായി ഉപയോഗിക്കുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ ബെന്നി ബെഹന്നാൻ പറയുന്നത്. അഴിമതി ഉൾപ്പെടെയുള്ള വാക്കുകൾ അൺപാർലമെന്‍ററി ലിസ്റ്റിൽ ഉൾപ്പെടുത്തിയ വിഷയത്തിൽ ടി എൻ പ്രതാപൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ന്യുനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗവും തുടര്‍ന്നുണ്ടാകുന്ന സാമൂദായിക സംഘര്‍ഷവും സഭാ നടപടി നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി