തിരുവനന്തപുരം: സില്‍വർ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോൾ അദ്ദേഹം ഒരക്ഷരം എതിര് പറഞ്ഞില്ല. പദ്ധതി ഉപേക്ഷിക്കില്ല. ഇന്നല്ലെങ്കിൽ നാളെ കേന്ദ്രാനുമതി കിട്ടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കേന്ദ്രാനുമതി ലഭിച്ചാലും പദ്ധതി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. റോജി എം. ജോണിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണനക്കിടെയാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. സർക്കാർ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
അതിരടയാള കല്ലുകള്‍ സ്ഥാപിച്ച പ്രദേശത്തെ ഭൂമിയുടെ ക്രയവിക്രയത്തിന് തടസ്സമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കല്ലിടലുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നത് പരിഗണനയിലില്ല. പദ്ധതിക്ക് അനുമതി ലഭിക്കാത്തതിനാല്‍ മറ്റു പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികൾക്ക് റവന്യൂ ജീവനക്കാരെ തല്‍ക്കാലം പുനര്‍വിന്യസിച്ചതാണ്. ഇതാണ് നിര്‍ത്തിവെച്ചെന്ന പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ആദ്യം തത്ത്വത്തില്‍ അംഗീകാരം നല്‍കുകയും നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര ധനമന്ത്രിതന്നെ നിർദേശിക്കുകയും ചെയ്ത പദ്ധതിയോട് കേന്ദ്ര സമീപനം മാറാൻ കാരണം യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും നിലപാടാണ്. യു.ഡി.എഫ് എം.പിമാർ ഒറ്റക്കെട്ടായി കേരള വികസനത്തിനെതിരെ നിലപാടെടുത്തു. ബി.ജെ.പി അതിനെക്കാള്‍ വാശിയോടെ പിന്തുണച്ചു. പദ്ധതി നടപ്പാക്കില്ലെന്നല്ല, പരിശോധിച്ച് തിരുമാനിക്കുമെന്നാണ് ഇപ്പോഴും കേന്ദ്ര നിലപാട്. എന്നായാലും പദ്ധതിക്ക് അനുമതി നല്‍കേണ്ടി വരും. അപ്പോള്‍ വേഗത്തില്‍തന്നെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടപ്പാകില്ലെന്ന് ഉറപ്പായെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സിൽവർലൈൻ നടപ്പാകില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടിയോടെ ഉറപ്പായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കല്ലിടലിന്‍റെ ഭാഗമായി എടുത്ത ആയിരക്കണക്കിന് കേസുകൾ പിൻവലിക്കണം. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.വായ്പ ലഭ്യമാക്കുന്നതില്‍ തടസ്സമില്ലെന്ന് ബാങ്കേഴ്‌സ് സമിതി വിളിച്ച് ഉറപ്പ് നല്‍കണമെന്ന് റോജി എം. ജോണ്‍ ആവശ്യപ്പെട്ടു. പദ്ധതി വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മോൻസ് ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും സംസാരിച്ചു.
ഭൂമി ക്രയവിക്രയത്തിന് തടസ്സമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് കണ്ടെത്തിയ ഭൂമിയിൽ സർക്കാറിനോ കെ-റെയിലിനോ അവകാശം ഇല്ലാത്തതിനാൽ ക്രയവിക്രയത്തിന് തടസ്സമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ.
ഭൂമി കൈമാറ്റം, പണയപ്പെടുത്തൽ, കരമൊടുക്കൽ എന്നിവക്ക് ആർക്കും പ്രയാസം ഉണ്ടാകേണ്ടതില്ലെന്നും നിയമസഭയിൽ ചോദ്യോത്തരവേളയിൽ അദ്ദേഹം മറുപടി നൽകി. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചാലേ ക്രയവിക്രയത്തിന് നിയന്ത്രണമുണ്ടാവൂ.
മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരം -ജനകീയ സമിതി
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സഭയിൽ മുഖ്യമന്ത്രി നടത്തിയ അങ്ങേയറ്റം നിരുത്തരവാദപരമായ പ്രസ്താവന സംസ്ഥാനത്തിനുതന്നെ അപമാനകരമാണെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ചെയർമാൻ എം.പി. ബാബുരാജ്. സിൽവർലൈൻ പദ്ധതിയുടെ പേരിൽ സർക്കാർ വിജ്ഞാപനം ചെയ്ത സർവേ നമ്പറിലോ സമീപപ്രദേശത്തോ ഉള്ള മുഴുവൻ ജനങ്ങളും ഭൂമിയുമായും ആസ്തികളുമായും ബന്ധപ്പെട്ട ക്രയവിക്രയ പ്രതിസന്ധിയിലാണ്. ഈ വസ്തുത പലതവണ പുറത്തുവന്നിട്ടും നിയമപരമായി തടസ്സമില്ലെന്ന നിരുത്തരവാദപരമായ വാദമാണ് മുഖ്യമന്ത്രിയുടേത്. ഈ നിലപാടിൽ പ്രതിഷേധിക്കാനും സമരപരിപാടികൾക്ക് രൂപം നൽകാനും സമിതി അടിയന്തര എക്സിക്യുട്ടിവ് യോഗം ഈ മാസം 13ന് എറണാകുളം അധ്യാപക ഭവനിൽ ചേരും.