ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. വൈകീട്ടോടെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തുന്ന നരേന്ദ്രമോദി ദർശനം നടത്തുകയും ക്ഷേത്രത്തിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്യും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൈകീട്ട് ആറരയോടെ സരയു നദിക്കരയില്‍ നടക്കുന്ന ദീപോത്സവത്തിലും മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി 15 ലക്ഷം ദീപങ്ങളാണ് ചടങ്ങില്‍ തെളിയിക്കുക. ശേഷം നടക്കുന്ന ലേസർ ഷോയ്ക്കും മോദി സാക്ഷ്യം വഹിക്കും. ദീപോത്സവ ചടങ്ങില്‍ ആദ്യമായാണ് പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്നത്.
രാമക്ഷേത്രത്തിന്‍റെ നിർമ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്ര കെട്ടിടത്തിന്‍റെ അടിത്തറ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണം 21 അടി ഉയരത്തില്‍ എത്തിയിരിക്കുകയാണിപ്പോൾ. അടുത്ത വർഷം ഡിസംബറോടുകൂടി ക്ഷേത്രത്തിന്‍റെ ഒരു ഭാഗം തീർഥാടകർക്കായി തുറന്നു നല്‍കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.