മെസൂരു : സമാധാനത്തിലേക്കുള്ള വഴിയാണ് യോഗ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയാണ് യോഗ. രാഷ്ട്രങ്ങൾക്ക് ഇടയിൽ സമാധാനം കൊണ്ട് വരാൻ യോഗയ്ക്ക് കഴിയുമെന്നും മൈസൂരുവിൽ നടന്ന യോഗാ ദിനാചരണ പരിപാടിയിൽ മോദി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് രാജ്യത്തെ 75 കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികളോടെയാണ് യോഗാദിനം ആചരിച്ചത്. മനുഷ്യരാശിക്കായി യോഗ എന്നതാണ് ഇത്തവണ യോഗ ദിനത്തിന്റെ പ്രമേയം.
രാജ്യത്തെ പ്രധാനപ്പെട്ട 75 കേന്ദ്രങ്ങളിലായി യോഗാദിന പരിപാടികൾ നടന്നു. മൈസൂരു അംബാവിലാസ് പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തപ്പോൾ മറ്റ് എഴുപത്തിനാലിടങ്ങളിൽ വിവിധ കേന്ദ്ര മന്ത്രിമാരുടെയും മുതിർന്ന പാർലമെന്റ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് യോഗാദിനാചരണം നടന്നത്. മൈസൂരു രാജാവ് യെദ്ദുവീര്‍ കൃഷ്ദത്ത, മഹാറാണി പ്രമോദദേവി കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം മൈസൂരുവിലെ ചടങ്ങിൽ പങ്കെടുത്തു.
15000 പേർ ചടങ്ങിൽ പങ്കാളികളായി. ദില്ലിയിൽ രാഷ്ട്രപതി ഭവനിലെ ചടങ്ങുകൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നൽകി. ലോകസ്ഭ സ്പീക്കറുടെ നേതൃത്വത്തിൽ പാർലമെന്റ് വളപ്പിലും യോഗാദിനാചരണം നടന്നു. ജന്തർ മന്തറിലും ചെങ്കോട്ടയിലുമായി നടന്ന പരിപാടികൾക്ക് കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമൻ, ഹർദീപ് സിംഗ് പുരി തുടങ്ങിയവർ നേതൃത്വം നൽകി. പല രാജ്യങ്ങളിലും യോഗ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികൾ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളുടെ നേതൃത്വത്തിൽ നടന്നു.