ഇസ്ലാമാബാദ് : അടുത്ത 24 മണിക്കൂറിനുള്ളിൽ 10 കിലോ ഗോതമ്പ് പൊടിയുടെ വില 400 രൂപയായി കുറച്ചില്ലെങ്കിൽ തന്റെ വസ്ത്രങ്ങൾ വിൽക്കുമെന്ന് ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മഹമൂദ് ഖാന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അന്ത്യശാസനം. ജനങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ തന്നെ ഗോതമ്പ് പൊടി നൽകും. അതിനായി തന്റെ വസ്ത്രങ്ങൾ വിൽക്കാനും തയ്യാറാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഞായറാഴ്‌ച ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. “ഞാൻ എന്റെ വാക്കുകൾ ആവർത്തിക്കുന്നു, ഞാൻ എന്റെ വസ്ത്രങ്ങൾ വിൽക്കുകയും ആളുകൾക്ക് ഏറ്റവും കുറഞ്ഞ വിലയിൽ ഗോതമ്പ് പൊടി നൽകുകയും ചെയ്യും.” – അദ്ദേഹം വ്യക്തമാക്കി.
പൊതുയോഗത്തിലെ രാഷ്ട്രീയ ചൂട് പ്രധാനമന്ത്രിയുടെ ജനങ്ങളോടുള്ള അഭിസംബോധനയിലും പ്രതിധ്വനിച്ചു. രാജ്യത്തിന് എക്കാലത്തെയും ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും സമ്മാനിച്ചതായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ച് ദശലക്ഷം വീടുകളും 10 ദശലക്ഷം ജോലികളും നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്നും ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ സർക്കാരിനെതിരെ പ്രധാനമന്ത്രി ഷെരീഫ് ആഞ്ഞടിച്ചു.
“ഞാൻ എന്റെ ജീവൻ ത്യജിക്കാൻ തയ്യാറാണെന്നും എന്നാൽ ഈ രാജ്യത്തെ അഭിവൃദ്ധിയിലേക്കും വികസനത്തിലേക്കും നയിക്കുമെന്നും ഞാൻ നിങ്ങളുടെ മുന്നിൽ ആത്മാർത്ഥമായി പ്രഖ്യാപിക്കുന്നു,” റാലിയിൽ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു.
ബലൂചിസ്ഥാൻ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവെ, ജനങ്ങൾ തന്നിൽ വിശ്വാസമർപ്പിച്ചെന്നും തനിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ഇറങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ബലൂചിസ്ഥാനിലെ ആളുകൾ പോളിംഗ് സ്റ്റേഷനുകളിലേക്ക് ഒഴുകി. ഞാൻ പ്രതീക്ഷിച്ചതുപോലെ വോട്ടർമാരുടെ പോളിംഗ് 30 മുതൽ 35 ശതമാനം വരെ ഉയരും. ഇത് ജനാധിപത്യത്തിലും ക്രമസമാധാനത്തിലുമുളള ജനങ്ങളുടെ വിശ്വാസമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.