ആന്‍റിഗ്വ : അണ്ടര്‍-19 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കി കിരീടം നേടിയ ഇന്ത്യന്‍ യുവനിരയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ യുവനിരയുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ടൂര്‍ണമെന്റിൽ ഉടനീളം ടീം പുറത്തെടുത്ത പോരാട്ടവീര്യത്തെ അഭിനന്ദിച്ചു. ഇന്ത്യന്‍ യുവനിരയുടെ മികവ് കണക്കിലെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിസുരക്ഷിത കരങ്ങളിലാണെന്ന് ഉറപ്പിക്കാമെന്നും പ്രധാനമന്ത്രി അഭിനന്ദന ട്വീറ്റില്‍ പറഞ്ഞു. അതേസമയം കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിലെ ഓരോ അംഗത്തിനും 40 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. സപ്പോര്‍ട്ട് സ്റ്റാഫിന് 25 ലക്ഷം രൂപയും നല്‍കും. ഇന്ത്യന്‍ വിജയത്തിന് പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ടീം അംഗങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ടീം കിരീടം നേടിയതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ ജയ് ഷാ, വിജയത്തില്‍ വിവിഎസ് ലക്ഷ്മണ്‍ വഹിച്ച പങ്കിനെയും പ്രകീര്‍ത്തിച്ചു. ഇന്നലെ വൈകിട്ട് നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ അണ്ടര്‍-19 ലോകകപ്പില്‍ അഞ്ചാം കിരീടം സ്വന്തമാക്കിയത്.