ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്നാണ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തത്. അശോകിനെ ഇന്ന് ചെന്നൈയിലേക്ക് കൊണ്ടുപോകും.നാലു തവണ നോട്ടീസ് അയച്ചിട്ടും അശോക് കുമാർ ഇ.ഡിക്കു മുന്നിൽ ഹാജരായിരുന്നില്ല. ഇതേ കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിക്കെതിരെ ഇ.ഡി 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിൽ ബാലാജിയുടെ പേര് മാത്രമേ പറയുന്നുള്ളൂ.ഇക്കഴിഞ്ഞ ആഗസ്റ്റ് 10ന് അശോകിന്റെ ഭാര്യ നിർമലയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചിരുന്നു. സെന്തിൽ ബാലാജിയുടെയും ബന്ധുക്കളുടെയും വീടുകളിൽ റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. ജൂൺ 14നാണ് ബാലാജിയെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 25 വരെ ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.