നാം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ കടകളില്‍ നിന്നോ വാങ്ങിക്കുന്ന പാക്കറ്റ് ഭക്ഷണസാധനങ്ങളിലെല്ലാം അതിന്‍റെ എക്സ്പെയറി അഥവാ കാലാവധി കൃത്യമായി കുറിച്ചിട്ടുണ്ടാകും. ഇത് നോക്കിത്തന്നെയാണ് നമ്മള്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതും. എന്നാല്‍ പലപ്പോഴും വീട്ടിലെത്തി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും കഴിക്കുന്നവരുണ്ട്.
ബ്രഡ് പോലുള്ള നിത്യോപയോഗ ഭക്ഷണസാധനങ്ങളാണ് ഇത്തരത്തില്‍ അധികപേരും കാലാവധി കഴിഞ്ഞ ശേഷവും കഴിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസമല്ലേയുള്ളൂ അതുകൊണ്ട് എന്ത് സംഭവിക്കാനാണ് എന്നതായിരിക്കും മിക്കവരും ചിന്തിക്കുക. എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പോലും പല ഉത്പന്നങ്ങളും നമ്മുടെ ശരീരത്തിന് വെല്ലുവിളിയാകും വിധം പ്രവര്‍ത്തിക്കാം.
അതുകൊണ്ട് തന്നെ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ കഴിക്കാതിരിക്കുക. ഇത് എല്ലായ്പോഴും ആരോഗ്യത്തിന് വെല്ലുവിളിയായി വരില്ലായിരിക്കാം. എന്നാല്‍ എപ്പോഴാണ് ഇവ പ്രശ്നമുണ്ടാക്കുകയെന്ന് നമുക്ക് പ്രവചിക്കുക സാധ്യമല്ലല്ലോ. എന്തായാലും കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാനപ്പെട്ട ചില പ്രശ്നങ്ങളെ കുറിച്ച് ഒന്ന് മനസിലാക്കാം…
ഒന്ന്…
കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. അത് ഏതുതരത്തിലുള്ള ഭക്ഷണമായാലും. പ്രത്യേകിച്ച് മുട്ട, ഇറച്ചി, പച്ചക്കറികള്‍., പഴങ്ങള്‍ പോലെ കാലാവധി കുറവുള്ള ഭക്ഷണങ്ങളാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഇറച്ചിയാണെങ്കില്‍ ഇക്കാര്യത്തില്‍ ജാഗ്രത തന്നെ പാലിക്കണം. അത്രയും അപകടകരമാണെന്ന് മനസിലാക്കുക.
രണ്ട്…
സമയപരിധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ പിന്നെ മോശം ബാക്ടീരിയ പോലുള്ള രോഗകാരികളുടെ കേന്ദ്രമായി മാറും. ഇവ നമ്മുടെ ശരീരത്തിലെത്തിയാലുണ്ടാകുന്ന പ്രയാസങ്ങളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. അടിയന്തരമായ ആരോഗ്യപ്രശ്നങ്ങള്‍ മുതല്‍ ദീര്‍ഘകാലത്തേക്ക് ബാധിക്കുന്ന അസുഖങ്ങള്‍ വരെ ഇതുമൂലമുണ്ടാകാം.
മൂന്ന്…
കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് കൊണ്ട് യാതൊരു വിധ ഗുണങ്ങളും ആരോഗ്യത്തിന് ലഭിക്കില്ല. കാരണം ഒരു ഉത്പന്നത്തിലെ പോഷകങ്ങള്‍ എത്ര നാള്‍ നിലനില്‍ക്കുമെന്നത് കൂടി പരിശോധിച്ച ശേഷമാണ് ഇതിന്‍റെ കാലാവധി നിശ്ചയിക്കുന്നത്. അങ്ങനെയെങ്കില്‍ കാലാവധി തീരുന്നതോടെ ഇതിന്‍റെ പോഷകഗുണങ്ങളെല്ലാം നഷ്ടപ്പെടുന്നു.