തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവൻ വിഡിയോയും കോടതിയിൽ സമർപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. ഈ തെളിവുകൾ കോടതിയിലെത്തിയാൽ സജി ചെറിയാന് എംഎൽഎ സ്ഥാനവും രാജിവയ്ക്കേണ്ടി വരുമെന്ന് മനസ്സിലായതു കൊണ്ടാണ് പൊലീസും സിപിഎമ്മും വിഡിയോ കോടതിക്ക് കൈമാറാൻ മടിക്കുന്നത്.
കോടതി പ്രസംഗത്തിന്റെ വിശദാംശം ചോദിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർ അതു നൽകാത്തത് ഗൗരവതരമാണ്. ഭരണഘടനയെ സജി ചെറിയാൻ അവഹേളിച്ചതിനു തുല്യമായ പ്രവർത്തി തന്നെയാണ് സർക്കാർ ചെയ്യുന്നത്. സജി ചെറിയാനെ സംരക്ഷിച്ചു ഭരണഘടനയെ വീണ്ടും അപമാനിക്കുകയാണ് സിപിഎം ചെയ്യുന്നത്.
2 മണിക്കൂർ 29 മിനിറ്റുള്ള മുഴുവൻ വിഡിയോയും ബിജെപിയുടെ പക്കലുണ്ട്. ഭരണഘടനയെ വിശ്വാസമില്ലാത്തയാൾ എങ്ങനെയാണു നിയമസഭയിലിരിക്കുകയെന്നു മനസ്സിലാവുന്നില്ല. സജി ചെറിയാൻ ഉടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും സുധീർ ആവശ്യപ്പെട്ടു.