കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും ഒപ്പുവച്ച ഗാർഹിക തൊഴിലാളി നിയമനക്കരാറിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. ഇതനുസരിച്ച് ഗാർഹിക തൊഴിലാളിക്ക് കുവൈത്ത് തൊഴിൽ നിയമത്തിന്റെ പരിരക്ഷ ലഭിക്കും. നിയമനം മുതൽ ജോലി മതിയാക്കി മടങ്ങുമ്പോഴുള്ള സേവനാനന്തര ആനുകൂല്യം വരെ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരും. നിലവിൽ കുടിയേറ്റ നിയമത്തിന്റെ പരിധിയിലായിരുന്നു വീട്ടുജോലിക്കാർ. പുതിയ കരാർ പ്രകാരം പാസ്പോർട്ട് ഗാർഹിക തൊഴിലാളികൾക്ക് കൈവശം വയ്ക്കാം. ഇതുവരെ തൊഴിലുടമയാണ് ഇതു സൂക്ഷിച്ചിരുന്നത്. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും 2021 ജൂണിൽ കരാർ ഒപ്പിട്ടെങ്കിലും ഇപ്പോഴാണു മന്ത്രിസഭ അംഗീകരിച്ചത്. വ്യവസ്ഥ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംയുക്ത സമിതി രൂപീകരിക്കും. ഇരുരാജ്യങ്ങളും അംഗീകരിച്ച റിക്രൂട്മെന്റ് ഏജൻസികൾ വഴിയോ കമ്പനികൾക്കു നേരിട്ടോ ഗാർഹിക തൊഴിലാളികളെ നിയമിക്കാം.