പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി പത്ത് മണിയോടെ മായാപുരത്താണ് കാട്ടന ജനവാസ മേഖലയിൽ ഇറങ്ങിയത്. പിടി 7 എന്ന കൊലയാളി കാട്ടാനയാണ് എന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പ് ജീവനക്കാർ എത്തി ആനയെ ജനവാസ മേഖലയിൽ നിന്ന് അകറ്റി. പ്രദേശത്ത് ഭീതി പടർത്തുന്ന ആനയെ മയക്കുവെടി വച്ചു പിടിക്കുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും നടപടികൾ വൈകുകയാണ്.
അതേസമയം ആളെക്കൊല്ലിയായ പി.ടി സെവൻ കാട്ടാനയെ മെരുക്കാൻ മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിൽ കൂടൊരുങ്ങുകയാണ്. വയനാട്ടിൽ നിന്നുള്ള വനം വകുപ്പിന്റെ കുങ്കിയാനകളും കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലുണ്ട്. പാലക്കാട് ധോണിയിലെ ജനവാസ മേഖലകളെ വിറപ്പിക്കുന്ന പിടി സെവനെ അച്ചടക്കം പഠിപ്പിക്കാനാണ് തീരുമാനം. അതിന്‍റെ ഭാഗമായാണ് മുത്തങ്ങയിലെ ആന പന്തിയിൽ ഈ കൂടൊരുക്കിയത്.
വയനാട്ടിൽ നിന്നുള്ള വിദഗദ്ധ സംഘത്തെ വച്ച് പിടി സെവനെന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനാണ് നീക്കം. പിന്നീട് ഈ കൂട്ടിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കില്ല. കൊലകൊമ്പനെ പ്രതിരോധത്തിലാക്കും വിധമാണ് കൂടിന്റെ നിർമ്മാണം. 4 അടിയോളം വണ്ണമുള്ള 24 മരത്തൂണുകൾ ഉപയോഗിച്ചാണ് കൂട് ഒരുക്കിയത്. മെരുങ്ങുന്നതു വരെ 18 അടി ഉയരമുള്ള ഈ കൂട്ടിലായിരിക്കും ആന ജീവിതം.
പിന്നീട് പിടിസെവനെ ലക്ഷണമൊത്ത കുങ്കിയാനയാക്കി മാറ്റും. അപ്പോൾ പിടി7 എന്ന പേര് മാറ്റി പുതിയൊരു പേരും കൂടി ഈ ആനയ്ക്ക് നൽകും . മുത്തങ്ങ ആനപന്തിയിലെ വടക്കനാട് കൊമ്പനും കല്ലൂർ കൊമ്പനുമാണ് PT സെവനെ തളയ്ക്കാൻ പാലാക്കാടെത്തുക. മുത്തങ്ങയിൽ ഇപ്പോൾ 11 കുങ്കിയാനകളാണ് ഉള്ളത്. നാട്ടിലിറങ്ങി ഭീതി വിതക്കുന്ന കാട്ടാനകളെയും കടുവകളെയും തുരത്താൻ വനംവകുപ്പിന്റെ എല്ലാ ദൗത്യങ്ങളിലും നാടിന്റെ കാവൽക്കാരായി ഈ രണ്ട് കൊമ്പൻമാരുണ്ട്.