തൃശൂര്‍: പൊതുപ്രവര്‍ത്തകര്‍ സാമൂഹ്യനന്മയ്ക്കായി സര്‍വവും ത്യജിക്കാന്‍ സന്നദ്ധരായിരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വാര്‍ഥനേട്ടങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാവരുതെന്ന് ഗവർണ്ണർ പറഞ്ഞു. തൃശൂരില്‍ സമര്‍പ്പണ രാമായണ ഫെസ്റ്റിന്റെ ഭാഗമായുള്ള ശബരി ആദരവും വാല്മീകി പുരസ്‌കാര സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണർ. തങ്ങള്‍ക്ക് മുന്നില്‍ എത്തുന്ന സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനമാണ് പൊതുപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അതിനുവേണ്ടി സ്വന്തമായുള്ളതെല്ലാം ത്യജിക്കേണ്ടി വന്നാല്‍ അതിനും തയാറാകണം. ശ്രീരാമചന്ദ്രന്‍ അത്തരം മാതൃകയാണ് ലോകത്തിനുമുന്നില്‍ കാണിച്ചുതന്നത്- ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങിൽ വാല്മീകി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു.