മനാമ : യാത്രാ രേഖകളില്‍ കൃത്രിമം കാണിച്ചതിന് ബഹ്റൈനില്‍ പിടിയിലായ രണ്ട് പ്രവാസി വനിതകള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നതിന് വേണ്ടിയാണ് രേഖകളില്‍ കൃത്രിമം കാണിച്ചതെന്ന് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി കണ്ടെത്തി. 41ഉം 45ഉം വയസുള്ള സ്‍ത്രീകളാണ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായത്.
41 വയസുകാരി ഒരു വര്‍ഷം മുമ്പ് വിസിറ്റ് വിസയിലാണ് ബഹ്റൈനിലെത്തിയത്. രണ്ടാഴ്‍ച മാത്രം കാലാവധിയുള്ളതായിരുന്നു ഇവരുടെ വിസ. എന്നാല്‍ ഡിസംബര്‍ 13ന് രാജ്യത്തു നിന്ന് പുറത്തുപോയി ഡിസംബര്‍ 15ന് തിരികെ വന്നുവെന്ന് കാണിക്കാനായാണ് ഇവര്‍ വ്യാജ രേഖകള്‍ ചമച്ചത്. രാജ്യത്തു നിന്ന് പുറത്തുപോകുമ്പോഴും രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും പാസ്‍പോര്‍ട്ടില്‍ അടിക്കുന്ന സീല്‍ ഇവര്‍ വ്യാജമായുണ്ടാക്കിയെന്ന് കണ്ടെത്തി. 45 വയസുകാരിയായ രണ്ടാം പ്രതിയും ഇപ്പോഴും അജ്ഞാതനായ മറ്റൊരാളുമാണ് ഇതിന് സഹായം നല്‍കിയത്.
ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ ഇവര്‍ നാട്ടില്‍ പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ബോര്‍ഡിങ് പാസ് വാങ്ങിയ ശേഷം പാസ്‍പോര്‍ട്ട് പരിശോധനയ്‍ക്ക് നല്‍കി. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കുന്നതിനിടെ സംശയകരമായ രണ്ട് സീലുകള്‍ ശ്രദ്ധയില്‍പെട്ടു. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ യഥാര്‍ത്ഥ സീല്‍ പോലെ തോന്നിയെങ്കിലും അല്‍പം വ്യത്യാസമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. വിശദ പരിശോധന നടത്തിയപ്പോള്‍ ഇവര്‍ ഇതുവരെ രാജ്യം വിട്ട് പോയിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്‍തു.
ചോദ്യം ചെയ്‍തപ്പോള്‍ ഇവര്‍ കുറ്റം നിഷേധിച്ചു. ജോലി ചെയ്യാനാണ് ബഹ്റൈനില്‍ വന്നതെന്നും വിസയുടെ കാലാവധി കഴിഞ്ഞപ്പോഴൊക്കെ തനിക്ക് പരിചയമുള്ള നാട്ടുകാരിയായ രണ്ടാം പ്രതിയെ ഏല്‍പിച്ച് വിസ ‘പുതുക്കുകയായിരുന്നു’ എന്നാണ് ഇവര്‍ മൊഴി നല്‍കിയത്. നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ നിരവധി തെളിവുകളുണ്ടെന്ന് കേസിന്റെ വിചാരണ നടന്ന ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി കണ്ടെത്തി. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു യുവതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തയാക്കി.