ചണ്ഡീഗഢ്: മദ്യദുരന്തം ഒഴിവാക്കാൻ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ. ബീഹാറിലെ നിരോധന നിയമം മദ്യ ദുരന്തം തടയുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ നല്ല മദ്യം കുറഞ്ഞ വിലയിൽ ലഭ്യമാക്കണമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അനധികൃത മദ്യനിർമ്മാണം കണ്ടെത്തി നശിപ്പിക്കാൻ പൊലീസ് പ്രാദേശിക തലത്തിൽ രഹസ്യാന്വേഷണ വിഭാഗവും ശക്തമാക്കിയിട്ടുണ്ടെന്നും മുതിർന്ന അഭിഭാഷകൻ അജിത് സിൻഹ ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.
പഞ്ചാബിലെ എക്സൈസ്, നികുതി വകുപ്പാണ് ഇക്കാര്യം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. വർഷങ്ങളായി സംസ്ഥാന അതിർത്തികളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന ഭട്ടികളിൽ അനധികൃതമായി വാറ്റിയ മദ്യം വിൽക്കുന്നത് വ്യാപകമാണെന്നും ഇത്തരം മദ്യം കുടിക്കുന്നതിനെതിരെയും പ്രത്യാഘാതങ്ങൾക്കെതിരെയും സംസ്ഥാനം പൊതുബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും സിൻഹ കൂട്ടിച്ചേർത്തു. തരൺ തരൺ, അമൃത്‌സർ, ഗുരുദാസ്പൂർ എന്നിവിടങ്ങളിൽ 2020ലെ മദ്യ ദുരന്തങ്ങളിൽ കുറ്റക്കാരായ മദ്യമാഫിയയ്‌ക്കെതിരെ പഞ്ചാബ് സർക്കാർ കൃത്യമായ നടപടിയെടുത്തില്ലെന്ന ജസ്റ്റിസ് ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമർശനത്തെ തുടർന്നാണ് സത്യവാങ്മൂലം നൽകിയത്.
അനധികൃത മദ്യ നിർമാണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പാരിതോഷികങ്ങളും സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. അനധികൃത മദ്യം ഉപയോഗിക്കുന്ന വിഭാഗങ്ങളെ ഉപയോഗത്തിൽ നിന്ന് അകറ്റാൻ സംസ്ഥാന സർക്കാർ നിലവിലെ എക്സൈസ് നയത്തിൽ 40 ഡിഗ്രി വീര്യമുള്ള നാടൻ മദ്യത്തിന്റെ വിലകുറഞ്ഞ ബ്രാന്റ് അവതരിപ്പിച്ചു. ഈ ബ്രാന്റ് നിയമവിരുദ്ധമായി ഉണ്ടാക്കുന്ന മദ്യത്തിന് പകരമാകായി ആളുകൾ ഉപയോഗിക്കുമെന്നും സർക്കാർ അറിയിച്ചു. 202ലെ മദ്യദുരന്തത്തിൽ അന്നത്തെ കോൺഗ്രസ് സർക്കാറിനെതിരെ ഭഗവന്ത് മാന്നിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.