ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം ഹൈപ്പുണ്ടാക്കിയ അല്ലു അര്‍ജുന്‍-രശ്മിക മന്ദാന ചിത്രമാണ് ‘പുഷ്പ : ദ റൈസ്’. അടുത്തിടെ നിരവധി സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും മറ്റ് തിയേറ്റര്‍ റിലീസുകളൊന്നും ‘പുഷ്പ : ദ റൈസി’നെ ബാധിച്ചില്ല. ‘പുഷ്പ’യിലൂടെ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കാന്‍ അല്ലു അര്‍ജുന് കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിന്നും ‘പുഷ്പ’ ഇതുവരെ നേടിയത് 186 കോടി രൂപയാണ്. ഉടന്‍ തന്നെ ചിത്രം 200 കോടിയിലെത്തുമെന്നാണ് പ്രതീക്ഷ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബര്‍ 17നാണ് ‘പുഷ്പ : ദ റൈസ്’ തിയേറ്ററുകളിലെത്തിയത്. ഇന്ത്യയിലെ പല സിറ്റികളിലും സംവിധായകന്‍ സുകുമാര്‍, അല്ലു അര്‍ജുന്‍, രശ്മിക മന്ദാന എന്നിവര്‍ റിലീസിനോടനുബന്ധിച്ച് ‘പുഷ്പ’യ്ക്ക് വേണ്ടി പ്രൊമോഷന്‍ നടത്തിയിരുന്നു.
ട്രേഡ് അനലിസ്റ്റ് മനബാല വിജയബാലനാണ് ‘പുഷ്പ’യുടെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതുവരെ 186.81 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് അദ്ദേഹം പറയുന്നത്. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ആദ്യ രണ്ട് ആഴ്ചയിലെ ‘പുഷ്പ’യുടെ ആഗോള ബോക്സ് ഓഫിസ് കളക്ഷനാണ് ട്രേഡ് അനലിസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ആദ്യ ആഴ്ചയില്‍ 166.82 കോടി രൂപയും, രണ്ടാം ആഴ്ചയിലെ ആദ്യ ദിനത്തില്‍ 5.22 കോടി രൂപയും രണ്ടാം ദിനത്തില്‍ 7.10 കോടി രൂപയും, മൂന്നാം ദിനത്തില്‍ 7.67 കോടി രൂപയുമാണ് ‘പുഷ്പ : ദ റൈസ്’ നേടിയത്. ആകെ 186.81 കോടി രൂപയും.’ – മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു.
ക്രിസ്മസിന് ഒരാഴ്ച മുമ്പാണ് ‘പുഷ്പ’ റിലീസിനെത്തിയത്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി കബീര്‍ ഖാന്‍ ഒരുക്കിയ ’83’, നാനി-സായ് പല്ലവി എന്നിവരുടെ ‘ശ്യാം സിംഘ റോയ്’ എന്നീ ചിത്രങ്ങളുമായുള്ള ക്ലാഷ് ഒഴിവാക്കാനാണ് ‘പുഷ്പ’ ഒരാഴ്ച മുമ്പ് തന്നെ റിലീസ് ചെയ്തത്. അണിയറപ്രവര്‍ത്തകരുടെ ഈ തീരുമാനം ആഗോള തലത്തില്‍ ‘പുഷ്പ’യ്ക്ക് വന്‍ നേട്ടം കൈവരുത്തി. ’83’ ഉം ‘ശ്യാം സിംഘ റോയും’ ഡിസംബര്‍ 24ന് ക്രിസ്മസ് റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.