മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റിപ്പോർട്ട്. യുഎസ് ദിനപത്രമായ ന്യൂയോർക്ക് പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ശസ്ത്രക്രിയയുടെ കാലയളവിൽ പ്രസിഡന്റ് അധികാരം സുരക്ഷാ കൗൺസിൽ സെക്രട്ടറിയായ നിക്കോള പട്രുഷേവിന് കൈമാറുമെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയയും വിശ്രമവും കണക്കിലെടുത്താൽ പുട്ടിന് ആരോഗ്യജീവിതത്തിൽ മടങ്ങിയെത്താൻ സമയമേറെ വേണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സമീപകാലത്ത് പുട്ടിന്റെ ആരോഗ്യസംബന്ധമായ നിരവധി ആശങ്കകൾ ഉയർന്നുവന്നിരുന്നു. പുട്ടിന് ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതാണ് യുക്രെയ്ൻ യുദ്ധത്തിലടക്കം ധ്രുതഗതിയിലുള്ള നീക്കങ്ങൾ ഉണ്ടാവാൻ കാരണമെന്നും മാധ്യമറിപ്പോർട്ടുകൾ ഉയർന്നിരുന്നു. പുട്ടിന് പാർക്കിൻസൺസ് അടക്കമുള്ള രോഗങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. തന്റെ ആരോഗ്യത്തിന് കാര്യമായ വ്യതിയാനം സംഭവിച്ചാൽ രാജ്യത്തിന്റെ പരമാധികാരം സുഹൃത്തും വിശ്വസ്‌തനുമായ നിക്കോള പട്രുഷേവിന് നൽകുമെന്നാണ് പുട്ടിൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം പ്രതിരോധ മന്ത്രി സെർജി ഷോയിഗുവുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ പുട്ടിന്റെ ആരോഗ്യം സംബന്ധിച്ച ആശങ്കകൾ ഉയർന്നുവന്നിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് പട്രുഷേവുമായി രണ്ടു മണിക്കൂർ നീണ്ടുനിന്ന സംഭാഷണത്തിനിടെ പുട്ടിൻ അസുഖവിവരം തുറന്നുപറഞ്ഞതായാണ് റിപ്പോർട്ടുകൾ. തന്റെ പിൻഗാമിയായി പുട്ടിൻ മനസ്സിൽ കാണുന്ന പട്രുഷേവിന് അധികാരം കൈമാറും മുൻപ് ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ സമയം ആവശ്യമാണെന്ന് പുട്ടിൻ പറഞ്ഞതായാണ് വിവരം. എന്നാൽ പ്രസിഡന്റ് പദവി സ്ഥിരമായി കൈമാറുന്നതിന് സംബന്ധിച്ച് പുട്ടിൻ കാര്യമായൊന്നും പറഞ്ഞില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.