ന്യൂഡൽഹി: കോടതിയുത്തരവ് വഴി 26 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാനാണോ യുവതിയുടെ തീരുമാനമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. 26 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയ ഭർതൃമതിയുടെ ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഹരജിയിൽ അടുത്ത വാദം കേൾക്കുന്നതിന് മുമ്പായി യുവതിയോട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കണമെന്നും യുവതിയുടെ അഭിഭാഷകനോടും കേന്ദ്രത്തിന്റെ അഭിഭാഷകനോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. മൂന്നംഗ ജഡ്ജിമാരുടെ പാനലാണ് ഹരജി പരിഗണിച്ചത്.
രണ്ട് മക്കളുടെ മാതാവായ യുവതി, ഡിപ്രഷൻ അനുഭവിക്കുന്നത് മൂലമാണ് മൂന്നാമത്തെ കുഞ്ഞിനെ അലസിപ്പിക്കാൻ അനുമതി തേടി സുപ്രീംകോടതിയിലെത്തിയത്. സാമ്പത്തികമായും മാനസികമായും മൂന്നാമതൊരു കുഞ്ഞിനെ വളർത്താനുള്ള അവസ്ഥയിലല്ല താനെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി.
ഒക്ടോബർ ഒമ്പതിന് ഗർഭം തുടരാനാണ് കോടതി അവരോട് നിർദേശിച്ചത്. എന്നാൽ ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് ഹിമ കോഹ്‍ലി, ജസ്റ്റിസ് നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്.
യുവതിയുടെ രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ് ആണ് പ്രായം. ഗർഭഛിദ്രമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് 27 വയസുള്ള യുവതി. മാനസിക പ്രശ്നത്തിന് നിലവിൽ താൻ മരുന്ന് കഴിക്കുന്നുണ്ടെന്നും യുവതി അറിയിച്ചിരുന്നു. ഭർത്താവുമൊത്താണ് ഡൽഹി സ്വദേശിയായ യുവതി കോടതിയിലെത്തിയത്. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ അവകാശത്തെ കൂടി കണക്കിലെടുക്കുമ്പോൾ സ്വന്തം താൽപര്യം മാത്രം പരിഗണിച്ച് യുവതിക്ക് അബോർഷൻ സാധ്യമല്ലെന്നായിരുന്നു അഡീഷനൽ സോളസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി വാദിച്ചത്. അനിവാര്യമായ സാഹചര്യമാണെങ്കിൽ മാത്രം 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാനാണ് അനുമതിയുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ കുഞ്ഞ് മൂലം അമ്മയുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുകയോ, കുഞ്ഞിന് ജനിതകപ്രശ്നമുണ്ടാവുകയോ ചെയ്യുന്നുണ്ടെങ്കിൽ മാത്രമേ ഗർഭഛിദ്രം അനുവദിക്കാൻ സാധിക്കുകയുള്ളൂവെന്നും അവർ വാദിച്ചു. മെഡിക്കൽ ബോർഡിലെ ഒരു വിദഗ്ധ ഡോക്ടർ ഗർഭഛിദ്രത്തിന് എതിരായിരുന്നുവെന്നും കുഞ്ഞിന് ജനിക്കാൻ ഒരു അവസരം നൽകണമെന്നും കേന്ദ്രം ബോധിപ്പിച്ചു. അമ്മയുടെ ആരോഗ്യം കണക്കിലെടുത്ത് ഗർഭഛിദ്രം അനുവദിക്കണമെന്ന് കാണിച്ച് യുവതിയുടെ അഭിഭാഷകനും ഹരജി നൽകി.
ആദ്യം അമ്മയുടെ ആശങ്കയാണ് പരിഗണിക്കേണ്ടത്. മൂന്നാമതൊരു കുഞ്ഞ് വേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് അമ്മയെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹരജയിൽ ഭിന്നാഭിപ്രായമായിരുന്നു ജഡ്ജിമാർക്ക്. സർക്കാരിന്റെ നിലപാടിനൊപ്പമായിരുന്നു ജസ്റ്റിസ് കോഹ്‍ലി. എന്നാൽ അമ്മയുടെ തീരുമാനവും മാനിക്കപ്പെടണമെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. പൊതുധാരണയിലെത്താൻ കഴിയാതെ, ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും ബി.വി. നാഗരത്‌നയും ഒടുവിൽ കേസ് മൂന്നംഗ ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിന് റഫർ ചെയ്യുകയായിരുന്നു.